എൻജിനിയറാകാന്‍ ആഗ്രഹം, കുസാറ്റിൽ പഠിക്കാനെത്തി; മരണത്തിന് കീഴടങ്ങി അതുല്‍

Jaihind Webdesk
Sunday, November 26, 2023

കൊച്ചി: പഠിക്കണമെന്ന ആഗ്രഹം കാരണമാണ് കൂത്താട്ടുകുളത്തുകാരൻ അതുൽ തമ്പി കുസാറ്റിൽ എൻജിനിയറിങ് ബിരുദത്തിന് ചേർന്നത്. എന്നാല്‍ ആഗ്രഹിച്ച് പ്രവേശനം നേടിയ ക്യാമ്പസിൽ തന്നെ അതിദാരുണമായൊരു മരണത്തിനു കീഴങ്ങിയിരിക്കുകയാണ് അതുൽ. പഠിക്കെണമെന്ന ആഗ്രഹമാണ് പോളിടെക്നിക് പഠനം കഴിഞ്ഞ് കിട്ടിയ ജോലി ഉപേക്ഷിച്ച്  അതുല്‍ കുസാറ്റിൽ ചേർന്നത്. ക്യാമ്പസിൽ ടെക് ഫെസ്റ്റ് നടക്കുന്നതിനാൽ ഈ ആഴ്ച വീട്ടിലേക്ക് വരില്ലെന്ന് ഇന്നലെ വൈകിട്ട് അതുല്‍ മാതാപിതാക്കളെ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ചേതനയറ്റ ശരീരവുമായാണ് അതുല്‍ തിരിച്ചെത്തിയത്.

കർഷക തൊഴിലാളിയായിരുന്ന തമ്പിയുടെയും മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്ന ലില്ലിയുടെയും ഇളയ മകനായിരുന്നു അതുൽ. കുട്ടിക്കാലം മുതലേ പഠനത്തിൽ മിടുക്കനായിരുന്നു. പോളിടെക്നിക് പഠനം കഴിഞ്ഞ് ജോലി കിട്ടിയെങ്കിലും എൻജിനിയറാകണമെന്ന ആഗ്രഹം സാധിക്കാൻ ജോലി ഉപേക്ഷിച്ചാണ് കുസാറ്റിൽ പ്രവേശന പരീക്ഷ പാസായി ബിരുദ പഠനത്തിന് ചേർന്നത്. ക്യാമ്പസിലുണ്ടായ അപകടത്തിൽ അതുല്‍ മരിച്ചെന്ന വിവരം രാത്രി വൈകിയാണ് കുടുംബം അറിഞ്ഞത്. കിഴകൊമ്പിലെ വീട്ടിൽ പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ നാട്ടുകാരും ജനപ്രതിനിധികളുമടക്കം ഒട്ടേറെ പേർ അന്ത്യാഞ്ജലിയർപ്പിച്ചു. വീടിനടുത്ത് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം.