കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം ; 2 സിഎസ്‌ഐ വൈദികർ മരിച്ചു, നൂറിലേറെപ്പേർക്ക് രോഗബാധ ; പരാതി

Jaihind Webdesk
Wednesday, May 5, 2021

തിരുവനന്തപുരം: സിഎസ്‌ഐ ദക്ഷിണ മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ മൂന്നാറില്‍ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത മോഡറേറ്ററടക്കം നൂറിലധികം പുരോഹിതര്‍ക്ക് കൊവിഡ് ബാധ. രണ്ടു വൈദികര്‍ കൊവിഡ് ബാധിച്ച്  മരിച്ചു. 5 പേരുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. സിഎസ്‌ഐ സഭയുടെ പരമാധ്യക്ഷനും മോഡറേറ്ററുമായ ബിഷപ്പ് എ. ധര്‍മ്മരാജ് റസാലവും വീട്ടില്‍ ചികിത്സയിലാണ്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചായിരുന്നു  മൂന്നാറിലെ ധ്യാനം.

കഴിഞ്ഞ മാസം 13 മുതല്‍ 17 വരെയാണ് മൂന്നാറിലെ ക്രൈസ്റ്റ് ചര്‍ച്ച് ദേവാലയത്തില്‍ 350-ലധികം വൈദികര്‍ പങ്കെടുത്ത വാര്‍ഷിക സമ്മേളനം നടന്നത്. ഈ പരിപാടി മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സഭാ നേതൃത്വത്തോട് പലരും ആവശ്യപ്പെട്ടെങ്കിലും നേതൃത്വം ചെവികൊണ്ടിരുന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ വൈദികര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് നേതൃത്വം ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.  തിരുവനന്തപുരം-പാളയം എല്‍എംഎസ് കോമ്പൗണ്ടില്‍ നിന്നും ബസിലാണ് വൈദികരെ മൂന്നാറിലേക്ക് കൊണ്ടു പോയത്.

സമ്മേളനത്തില്‍ പങ്കെടുത്ത റവ. ബിജു മോന്‍(52), റവ. ഷൈന്‍ ബി രാജ് (43) എന്നീ വൈദികരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞത്. വട്ടപ്പാറ-കഴുക്കോട് സിഎസ്‌ഐ പള്ളിയിലെ വികാരിയായിരുന്നു ബിജു മോന്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇദ്ദേഹം മരണപ്പെട്ടത്. തിരുമല പുന്നയ്ക്കാമുകള്‍ സിഎസ്‌ഐ ദേവാലയത്തിലെ വികാരിയായിരുന്നു ഷൈന്‍ ബി രാജ്. രോഗബാധിതരായ നിരവധി വൈദികരാണ് സഭയുടെ ഉടമസ്ഥതയിലുള്ള കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുന്നത്. കുറേപേര്‍ വീടുകളിലും ചികിത്സയിലാണ്.

ആരോഗ്യവകുപ്പിനെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളെയും അറിയിക്കാതെയാണ് സഭ രഹസ്യമായി ഈ സമ്മേളനം മൂന്നാറില്‍ നടത്തിയതെന്ന് സിഎസ്‌ഐ ട്രസ്റ്റ് അസോസിയേഷന്‍ ഭാരവാഹിയായ ജേക്കബ് മാത്യൂ ആരോപിച്ചു. കൊവിഡ് കൂടുന്ന ഇക്കാലത്ത് അമ്പത് പേരിലധികം യോഗം ചേരാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് സഭ ലംഘിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് യാതൊരു ബോധവുമില്ലാതെയാണ് സഭാ നേതൃത്വം പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറില്‍ നടന്ന സമ്മേളനത്തെക്കുറിച്ച് ചീഫ് സെക്രട്ടറി വി.പി ജോയിക്ക് പരാതി അയച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ജേക്കബ് മാത്യൂ കുറ്റപ്പെടുത്തി.