ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മോദി സർക്കാരിന് കനത്ത തിരിച്ചടിയായി സർവെ റിപ്പോർട്ട്. ഉത്തരേന്ത്യയിലും ഇക്കുറി തിരിച്ചടി നേരിടും എന്നു വ്യക്തമാക്കുന്ന സിഎസ്‌ഡിഎസ് (സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റി) സര്‍വെ റിപ്പോർട്ടാണ് ബിജെപിക്ക് ആശങ്കയാകുന്നത്. ഉത്തരേന്ത്യയിലെ സീറ്റുകൾ കുറയുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജസ്ഥാനിലും, ഹരിയാനയിലും സീറ്റുകള്‍ കുറയും. സിറ്റിംഗ് സീറ്റുകളടക്കം 11 മണ്ഡലങ്ങളിൽ പിന്നിൽ പോകുമെന്നാണ് സർവേ റിപ്പോർട്ടിലുള്ളത്. അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ, വരുമാനത്തിലെ കുറവ് എന്നിവയെല്ലാം കേന്ദ്ര സർക്കാരിനെതിരായ ശക്തമായ ഘടകങ്ങളായി നിലകൊള്ളുന്നു. 62 ശതമാനം പേരും തൊഴിലില്ലായ്മ പ്രധാന വിഷയമായി ചൂണ്ടിക്കാട്ടുന്നു.
എല്ലാ പൊതു തിരഞ്ഞെടുപ്പുകൾക്ക് മുമ്പും ശേഷവും ‘സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റി’ നടത്തുന്ന സിഎസ്‌ഡിഎസ്-ലോക്‌നീതി സർവേകൾ രാജ്യത്തെ ഏറ്റവും ആധികാരികമായ സർവേകളില്‍ ഒന്നാണ്. സർവേയില്‍ പങ്കെടുത്ത 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പം നിന്നു. എല്ലാ മതങ്ങൾക്കും വിശ്വാസങ്ങൾക്കും തുല്യ ഇടമുള്ള രാജ്യമായി ഇന്ത്യ തുടരണമെന്ന് 79 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെടുന്നു. ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രമല്ല, എല്ലാ മതങ്ങൾക്കും തുല്യതായുള്ള രാജ്യമാണ് എന്നതിനെ 80 ശതമാനം ഹിന്ദു മത വിശ്വാസികളും പിന്തുണയ്ക്കുന്നു. ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമെന്ന് അഭിപ്രായപ്പെട്ടത് 10 ശതമാനം പേർ മാത്രമാണ്. രാജ്യത്തിന്‍റെ ബഹുസ്വരതയെ ജനം ചേർത്തുപിടിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് സർവെ ഫലം.
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത ഇടിയുന്നു എന്നും സര്‍വെ ഫലം സൂചിപ്പിക്കുന്നു. കമ്മീഷന്‍റെ വിശ്വാസ്യതയിലെ ഇടിവ് ഞെട്ടിപ്പിക്കുന്നതാണ്. 2019-ൽ 78 ശതമാനം ആളുകളും തിരഞ്ഞെടുപ്പ് കമ്മീഷനിൽ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തിയിരുന്നെങ്കില്‍ 2024-ൽ അത് 42 ശതമാനം ആയി കുത്തനെ ഇടിഞ്ഞു. 58 ശതമാനം ആളുകൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ അവിശ്വാസം രേഖപ്പെടുത്തുന്നു. വോട്ടിംഗ് യന്ത്രത്തിന്‍റെ വിശ്വാസ്യത സംബന്ധിച്ചും ജനത്തിന് വലിയ ആശങ്കയുണ്ട്. ഭരണകക്ഷിക്ക് വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്താനായേക്കുമെന്ന് 45 ശതമാനം പേർ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങളില്‍ അതൃപ്തരായവരുടെ എണ്ണത്തിലും വന്‍ വർധനവാണുള്ളത്. 19 സംസ്ഥാനങ്ങളിലെ പതിനായിരത്തിലേറെ പേരെ പങ്കെടുപ്പിച്ചാണ് സർവെ നടത്തിയത്. വർഗീയതയ്ക്കും ഭിന്നിപ്പിനും ഒപ്പമല്ല, മറിച്ച് മതേതര, ബഹുസ്വര ഇന്ത്യക്കൊപ്പമാണ് രാജ്യത്തെ ജനം എന്നു വ്യക്തമാക്കുന്നതാണ് സർവെ റിപ്പോർട്ട്. ഇന്ത്യ സഖ്യത്തിന്‍റെ കരുത്തും പ്രാധാന്യവും കൂടി വ്യക്തമാക്കുന്നതാണ് ഇത്.