സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായി ബിജെപി. സംസ്ഥാനത്തെ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനായി കോർ കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. പലവിധ വിവാദങ്ങളും അസ്വാരസ്യങ്ങളും നിറഞ്ഞുനിൽക്കുന്നതാണ് നേതാക്കളെ കുഴക്കുന്നത്.
അതീവ രഹസ്യ സ്വഭാവത്തോടെയാണ് യോഗം നടക്കുന്നത്. നേരത്തെ സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളക്കെതിരെ കടുത്ത വിമർശനമുയർന്നിരുന്നു.നേതൃതലത്തിൽ ചർച്ച നടത്താതെ പട്ടിക നൽകിയതിൽ കൃഷ്ണദാസ്, മുരളീധര പക്ഷങ്ങൾ എതിർപ്പ് പരസ്യമാക്കുകയും ചെയ്തു. എന്നാൽ സ്ഥാനാർത്ഥിപ്പട്ടിക മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞായിരുന്നു ശ്രീധരൻപിള്ള തലയൂരിയത്. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയെന്നാണ് കോട്ടയത്ത് പിസി തോമസിനെതിരെ ഉയരുന്ന ആരോപണം. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിൻവലിച്ചത് കെ സുരേന്ദ്രന് മത്സരിക്കാൻ മാത്രമാണ്, കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് മത്സരിക്കാൻ എത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുകേൾക്കുന്ന വിവാദങ്ങൾ എന്നിവയെല്ലാം ബിജെപിയെ വലയ്ക്കുന്നുണ്ട്. ബിഡിജെഎസിന്റെ അഞ്ചാം സീറ്റെന്ന ആവശ്യവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമോ എന്നതിലും തീരുമാനമുണ്ടായേക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അതിവേഗം സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കി ദേശീയ നേതൃത്വത്തിന് നൽകാനാണ് നീക്കം. ദേശീയ സെക്രട്ടറി എച്ച് രാജയുടെ നേതൃത്വത്തിലാണ് കോർ കമ്മിറ്റി യോഗം നടക്കുക.