ഭിന്നശേഷിക്കാരോടും ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ ക്രൂരത : അവകാശത്തിന് വേണ്ടി പോരാടിയവരെ അറസ്റ്റ് ചെയ്തു

Wednesday, April 20, 2022

ഭിന്നശേഷിക്കാരോടും ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ  ക്രൂരത. അവകാശ സംരക്ഷണത്തിനായി സമരത്തിനിറങ്ങിയ ഭിന്നശേഷിക്കാരോടാണ് ഭരണകൂടം ക്രരമായ നടപടികളെടുത്തത്. കവരത്തിയില്‍ ലക്ഷദ്വീപ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിന് തുനിഞ്ഞ ഭിന്നശേഷിക്കാരെ ലക്ഷദ്വീപ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ദ്വീപ് സമൂഹത്തില്‍ നിന്നുയരുന്നത്.

ദ്വീപിലെ ഭിന്നശേഷിക്കാരുടെ ക്ഷേമ സംഘടനായ ലക്ഷദ്വീപ് ഡിഫറന്‍റ്ലി ഏബിള്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കാണ് പോലീസിന്‍റേയും അധികാരികളുടേയും ക്രൂരത നേരിടേണ്ടി വന്നത്. ദ്വീപിലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സുരക്ഷിതത്വവും സമാധാനവും കാത്ത് സൂക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് സംഘടന സമരത്തിനിറങ്ങിയത്. പ്രസിഡന്‍റ് പി.പി ബറക്കത്തുള്ള, സെക്രട്ടറി സാബിത്ത്, വൈസ് പ്രസിഡന്‍റ് ജാഫര്‍ സാദിഖ്, പബ്ലിസിറ്റി ചെയര്‍മാന്‍ മുഹമ്മദ് കാസിം, യൂണിറ്റ് വൈസ് പ്രസിഡന്‍റ് ഷുക്കൂര്‍ എന്നിവരാണ് പ്ലക്കാര്‍ഡുകളുമായി സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം തുടങ്ങിയത്. ഭിന്നശേഷിക്കാരായ ഇവര്‍ അഞ്ച് പേരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ലക്ഷദ്വീപ് കലക്ടര്‍ അസ്കര്‍ അലിയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിയുടെ ചുമതലും അസ്കര്‍ അലിക്ക് തന്നെയാണ്. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ പോലും കലക്ടര്‍ കൂട്ടാക്കാതെ അറസ്റ്റിന് ഉത്തരവിടുകയായിരുന്നുവെന്നാണ് പരാതി. ഭിന്നശേഷിക്കാരുടെ അറസ്റ്റിനെതിരെ വിവിധ ദ്വീപുകളില്‍ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.