മൂവാറ്റുപുഴയിൽ മുൻസിപ്പൽ വൃദ്ധസദനത്തിൽ അന്തേവാസികൾക്ക് പീഡനമെന്ന് പരാതി. വൃദ്ധസദനം നടത്തിപ്പുകാരനായ ഇടത് കൗൺസിലറും സഹായിയും അന്തേവാസികളെ മർദിക്കുകയും പെൻഷൻ തുക തട്ടിയെടുത്തതായും വൃദ്ധസദനത്തിൽ നിന്നും രക്ഷപെട്ട രണ്ട് അമ്മമാരുടെ മൊഴി. ലൈംഗിക അതിക്രമം നടത്തിയതായും പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പുറത്തു വന്ന നാല് അന്തേവാസികൾ പരാതി നൽകിയിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ പരാതിപ്പെട്ടു.
നഗരസഭ നേരിട്ട് നടത്തേണ്ട മൂവാറ്റുപുഴയിലെ വൃദ്ധസദനം ഇടത് കൗൺസിലറുടെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് നടത്തുന്നത്. ബന്ധുക്കൾ ഉപേക്ഷിച്ചവരും, ഉറ്റവരും ഉടയവരും ഇല്ലാത്തവരുമായ ഇരുപത്തിനാല് അന്തേവാസികളാണ് ഇവിടെയുള്ളത്. സമീപത്തെ കോളനി നിവാസികളാണ് വൃദ്ധസദനത്തിലെ പീഡനം പുറത്തുകൊണ്ടുവന്നത്. കൊടിയ മർദനമാണ് വൃദ്ധസദനത്തിലെ ജീവനക്കാരന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നു.
മർദനത്തിന് പുറമെ ലൈംഗിക അതിക്രമങ്ങളും നടക്കുന്നതായി പുറത്തു വന്ന അന്തേവാസികൾ വെളിപ്പെടുത്തുന്നു. അന്തേവാസികളിൽ പലരുടെയും പെൻഷനും പണവും നടത്തിപ്പുകാർ കൈവശപ്പെടുത്തിയതായി പരാതിയുണ്ട്. ബന്ധുക്കൾ ആരുമില്ലാത്ത ഒരമ്മയുടെ അഞ്ച് സെന്‍റ് ഭൂമി ജീവനക്കാരന്‍റെ ബന്ധുവിന്‍റെ പേരിൽ ആധാരം നടത്തി തട്ടിയെടുത്തതിന്‍റെ രേഖകളും പ്രതിപക്ഷ കൗൺസിലർമാർ പുറത്തുവിട്ടു. വ്യക്തമായി പരാതി നൽകിയിട്ടുപോലും പോലീസും അധികാരികളും മൗനം പാലിക്കുകയാണ്. അതേസമയം പുറത്തു പോയ നാല് അന്തേവാസികളും മാനസിക രോഗികളാണെന്നാണ് നടത്തിപ്പുകാരനായ കൗൺസിലറുടെ ആരോപണം.