ക്രൂഡ് വില കുത്തനെ താഴ്ന്നിട്ടും ഒരു പൈസ കുറയ്ക്കാതെ രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില; തുടരുന്ന ഇന്ധനക്കൊള്ള

Jaihind Webdesk
Monday, August 9, 2021

 

ന്യൂഡല്‍ഹി : രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിട്ടും ഇന്ധനവില തെല്ലും കുറയ്ക്കാതെ എണ്ണക്കമ്പനികളും നികുതി വേട്ട തുടർന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളും. കൊവിഡില്‍ വലയുന്ന ജനത്തിന്‍റെ ദുരിതം കാണാന്‍ ഭരിക്കുന്നവർ തയാറാകുന്നില്ലെന്നതാണ് ദയനീയമായ വസ്തുത.

നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് അസംസ്കൃത എണ്ണ വിലയുള്ളത്. മൂന്നാഴ്ചക്കിടെ അസംസ്കൃത എണ്ണ വില ബാരലിന് 75 ഡോളറില്‍ നിന്ന് 69 ഡോളറായാണ് കുറഞ്ഞത്. എന്നാല്‍ അതിന്‍റെ നേട്ടം ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ എണ്ണക്കമ്പനികള്‍ തയാറാകുന്നില്ല. രാജ്യാന്തര വിപണി വിലയിലെ ചെറിയ വർധനവില്‍ പോലും ഉപയോക്താക്കളെ പിഴിയുന്ന എണ്ണക്കമ്പനികള്‍ ക്രൂഡോയില്‍ വില ഇത്രയും താഴ്ന്നിട്ടും വില കുറയ്ക്കാന്‍ തയാറാകുന്നില്ല. പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളെ പിന്തുണയ്ക്കേണ്ടുന്ന സർക്കാരുകളും ചെറുവിരല്‍ അനക്കുന്നില്ല. 100 രൂപയുടെ പെട്രോള്‍ വാങ്ങുമ്പോള്‍ ഏകദേശം 60 രൂപയും കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കുള്ള നികുതിയാണ്. നികുതി ഇളവ് അനുവദിച്ചാല്‍ തന്നെ ജനങ്ങള്‍ക്ക് മുകളിലുള്ള അമിതഭാരം ഒഴിവാക്കാമെന്നിരിക്കെയാണ് സർക്കാരുകളുടെ ബോധപൂർവമായ നിഷ്ക്രിയത്വം.

തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ഇന്ധനവില കൂടാറില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ധനവില വർധനവില്‍ പങ്കില്ലെന്ന് പറഞ്ഞ് തടിതപ്പുന്ന കേന്ദ്ര സർക്കാരിന്, തെരഞ്ഞെടുപ്പ് സമയത്ത് മാത്രം കാണുന്ന ഈ പ്രതിഭാസത്തിന് മറുപടി പറയേണ്ട ബാധ്യതയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്ത് ദിനംപ്രതി ഇന്ധനവില വർധിച്ചത്.  കഴിഞ്ഞ ജൂലൈ 17 നാണ് അവസാനമായി ഇന്ധനവില കൂട്ടിയത്. അന്ന് പെട്രോളിന് 30 പൈസയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഒടുവില്‍ പെട്രോള്‍ വില നൂറും കടന്ന് കുതിച്ചു. 74 ഡോളറായിരുന്നു അന്ന് ബ്രെന്‍റ് ക്രൂഡിന് ബാരലിന് വില. ഇപ്പോള്‍ ബ്രെന്‍റ് ക്രൂഡിന്‍റെ വില 69 ഡോളറായി താഴ്ന്നിട്ടും ആഭ്യന്തരവിപണിയില്‍ ഒരു പൈസ പോലും കുറയ്ക്കാതെ രാജ്യത്ത് ഇന്ധനക്കൊള്ള തുടരുകയാണ്.