അങ്കമാലിയില്‍ നാലംഗകുടുംബം വെന്തുമരിച്ച കേസില്‍ നിർണായക വഴിത്തിരിവ്; കിടപ്പുമുറിയില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നു, ആത്മഹത്യയെന്ന് സൂചന

Jaihind Webdesk
Tuesday, July 9, 2024

 

എറണാകുളം: അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച കേസിൽ നിർണായക വഴിത്തിരിവ്. അപകടമല്ല ആത്മഹത്യയെന്ന സൂചനകൾ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം. കിടപ്പുമുറിയിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.

പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ, ഭാര്യ അനുമോൾ, മക്കളായ ജൊവാന, ജെസ്വിൻ എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. കഴിഞ്ഞ ജൂൺ എട്ടിനാണ് സംഭവം ഉണ്ടായത്. സംഭവം നടന്നതിന്‍റെ തലേദിവസം ബിനീഷ് കുര്യൻ പെട്രോൾ വാങ്ങി വരുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇതിനുശേഷം മറ്റാരും മരണം നടന്ന മുറിയിലേക്ക് എത്തിയിട്ടില്ലെന്നും പോലീസ് കണ്ടെത്തി. എസിയിലുണ്ടായ ഗ്യാസ് ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.