ദോഹയില്‍ നിര്‍ണായക ചര്‍ച്ചകള്‍; ഗാസയിലെ വിവാദങ്ങള്‍ക്കിടയില്‍ സമാധാന പ്രതീക്ഷ

Jaihind Webdesk
Monday, January 13, 2025

ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ നാഴികക്കല്ലായുള്ള വെടിനിര്‍ത്തല്‍ കരാറിന്‍റെ അന്തിമ കരട്, ഇസ്രയേലിനും ഹമാസിനും കൈമാറിയതായി ഖത്തര്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഇരു കൂട്ടരും കരാറിന്റെ കരട് അംഗീകരിച്ചെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍, ഇസ്രയേല്‍ ചാരമേധാവികളും യുഎസ് മിഡില്‍ ഈസ്റ്റ് പ്രതിനിധികളും ദോഹയില്‍ നടത്തിയ ചര്‍ച്ചയിലൂടെ കരാര്‍ അടുക്കുന്നതായ സൂചനകളാണ് ലഭിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ജനുവരി 20ന് സ്ഥാനമൊഴിയുന്നതിന് മുമ്പ് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെപ്പിക്കാന്‍ അതിവേഗ നീക്കമാണ് നടത്തുന്നത്. ഇസ്രയേല്‍, കരാറുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍ വൈറ്റ് ഹൗസ്, ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം കാര്യങ്ങള്‍ പുരോഗമിക്കുന്നുവെന്ന സൂചനയും നല്‍കുന്നുണ്ട്.

2023 ഒക്ടോബറില്‍ ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതിന് പിന്നാലെ ആരംഭിച്ച പ്രത്യാക്രമണത്തില്‍ ഗാസയില്‍ വലിയ ദുരന്തമാണുണ്ടായത്. ഇപ്പോഴുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍, ധാരാളം ജീവന്‍ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയാണ് ജനങ്ങളില്‍. വെടിനിര്‍ത്തലിനൊപ്പം, ബന്ദികളുടെ മോചനവും കരാറിന്റെ ഭാഗമാക്കാനുള്ള ശ്രമം സമാധാനത്തിനുള്ള പുതിയ വാതിലുകള്‍ തുറക്കുമെന്നാണ് വിശ്വാസം.