SUPREME COURT| വിവാഹമോചന കേസുകളില്‍ നിര്‍ണായക വിധി; പങ്കാളിയുടെ ഫോണ്‍ രഹസ്യസംഭാഷണം റെക്കോര്‍ഡ് ചെയ്തത് തെളിവാക്കാം

Jaihind News Bureau
Monday, July 14, 2025

ന്യൂഡല്‍ഹി: വിവാഹമോചന കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്നത് തെളിവായി ഉപയോഗിക്കാമെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ഇത്തരം രേഖകള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഭാര്യയുടെ അറിവില്ലാതെ അവരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ വ്യക്തമായ ലംഘനമാണെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍.

‘വിവാഹബന്ധം പങ്കാളികള്‍ പരസ്പരം ചാരപ്രവൃത്തി ചെയ്യുന്ന ഘട്ടത്തിലെത്തിയിട്ടുണ്ടെങ്കില്‍, അത് തകര്‍ന്ന ബന്ധത്തിന്റെ ലക്ഷണം തന്നെയാണ്, അവര്‍ക്കിടയിലെ വിശ്വാസമില്ലായ്മയെയാണ് അത് സൂചിപ്പിക്കുന്നത്,’ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ഇത്തരം സംഭാഷണങ്ങള്‍ ദാമ്പത്യ തര്‍ക്കങ്ങളില്‍ തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലെ 122-ാം വകുപ്പ് പ്രകാരം പങ്കാളികള്‍ക്ക് നല്‍കിയിട്ടുള്ള പ്രത്യേക പരിരക്ഷ, അതേ വകുപ്പിലെ ഒഴിവാക്കലുകളുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ പൂര്‍ണ്ണമായിരിക്കില്ലെന്നും കോടതി വിലയിരുത്തി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് ലിസ ഗില്ലിന്റെ വിധിക്കെതിരെ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി വന്നിരിക്കുന്നത്.

തന്റെ ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ കോംപാക്ട് ഡിസ്‌ക് ഭര്‍ത്താവ് ഉപയോഗിക്കുന്നത് സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് വാദിച്ച സ്ത്രീക്ക് അനുകൂലമായാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. 1955-ലെ ഹിന്ദു മാര്യേജ് ആക്ടിലെ സെക്ഷന്‍ 13 പ്രകാരം ഭര്‍ത്താവ് ഉന്നയിച്ച ക്രൂരതയുടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്നതിനായി ബത്തിന്‍ഡയിലെ കുടുംബ കോടതി ഈ റെക്കോര്‍ഡിംഗുകള്‍ തെളിവായി സ്വീകരിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി ഈ തീരുമാനം റദ്ദാക്കി. ഈ വിധിയാണ് ഇപ്പോള്‍ സുപ്രീം കോടതി തിരുത്തിയിരിക്കുന്നത്. ദാമ്പത്യ തര്‍ക്കങ്ങളില്‍ ന്യായമായ വിചാരണയ്ക്കുള്ള അവകാശം ഉറപ്പാക്കാന്‍ എല്ലാ തെളിവുകളും ഹാജരാക്കാന്‍ പങ്കാളിക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി ഊന്നിപ്പറഞ്ഞു.