പത്തനംതിട്ട പീഡനകേസിൽ നിർണായക തെളിവുകൾ, 13 പേർ കസ്റ്റഡിയിൽ; കൂടുതൽ അറസ്റ്റ് പ്രതീക്ഷ

Sunday, January 12, 2025

പത്തനംതിട്ട: പത്തനംതിട്ടയിലെ ക്രൂര  ബലാത്സംഗ കേസില്‍ 13 പേരെ കൂടി പോലീസ് പിടികൂടി. ഇതോടെ, ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി .  ഇന്ന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനാണ് സാധ്യത എന്നാണ് പോലീസ് പറയുന്നത് . ഇപ്പോഴുള്ള എഫ്ഐആറുകളുടെ എണ്ണം ഒന്‍പതായി സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ, പെണ്‍കുട്ടിയുടെ മൊഴിയില്‍ പറഞ്ഞ ചില പേരുകള്‍ ജില്ലയ്ക്ക് പുറത്തുള്ളവരാണെന്ന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം നടത്തുന്നുണ്ട്.

പെണ്‍കുട്ടിയുടെ ഫോണിലുണ്ടായ ചില ദൃശ്യങ്ങള്‍ പ്രകാരം, പ്രതികളില്‍ പലരും അശ്ലീല ദൃശ്യങ്ങള്‍ അയച്ചുവെന്നും, പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ കാട്ടിയാണ്  ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതെന്നുമുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു . മൊബൈല്‍ ഫോണിലൂടെ ഇവര്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തി.

പെണ്‍കുട്ടി 13 വയസ്സായപ്പോഴാണ് ആദ്യമായി ലൈംഗിക പീഡനത്തിന് ഇരയായത്. ഈ കാലയളവില്‍ 62 പേര്‍ കുട്ടിയെ ദാരുണമായി പീഡിപ്പിച്ചു. ഇതില്‍ ഓട്ടോ ഡ്രൈവര്‍ മുതല്‍ പ്ലസ് ടു വിദ്യാര്‍ത്ഥി വരെ ഉള്‍പ്പെടും. പീഡനത്തിന് ഇരയായ കായിക താരം ദലിത് പെണ്‍കുട്ടിയായതിനാല്‍ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം കൂടി പോക്‌സോ വകുപ്പിനൊപ്പം ചേര്‍ത്താകും കേസെടുക്കുക.