സാമ്പത്തികപ്രതിസന്ധിക്കിടയിലും വകമാറ്റി ചെലവഴിക്കുന്നത് കോടികള്‍

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും നഷ്ടത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കിന് 22 കോടി രൂപ സർക്കാർ അനുവദിച്ചു. കേരള ബാങ്ക് രൂപീകരണത്തിന്റെ ഭാഗമായി റിസ്‌ക് അസറ്റ്സ് റേഷ്യോ (Risk Assets Ratio) മെയിന്റയിൻ ചെയ്യുന്നതിനായാണ് കോടികൾ അനുവദിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ജില്ലാ ബാങ്കുകളുടെ ലയനം വൈകുന്ന സാഹചര്യത്തിൽ കേരളബാങ്ക് ടാസ്‌ക്‌ഫോഴ്‌സിൽ നിന്നും ജീവനക്കാരെ തിരികെ വിളിച്ചതിന് പിന്നാലെയാണ് കോടികൾ പ്രത്യേകമായി അനുവദിച്ചിരിക്കുന്നത്.

നവകേരള രൂപീകരണത്തിനായി ലോകബാങ്കിൽ നിന്നുവരെ കടമെടുക്കേണ്ട ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന സർക്കാർ. ഇതിനിടെയാണ് RBI യുടെ അംഗീകാരം പോലും ലഭിച്ചിട്ടില്ലാത്ത കേരള ബാങ്ക് രൂപീകരണത്തിനുവേണ്ടി കോടികൾ പാസാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. റിസ്‌ക് അസറ്റ് റേഷ്യോ മെയിന്‍റെയ്നിംഗിന്‍റെ ഭാഗമായി 22 കോടി രൂപ അനുവദിക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്.

https://www.youtube.com/watch?v=HoFDEIDYyPI

ഓഹരി ഉടമകളുടേയും, നിക്ഷേപകരുടേയും സുരക്ഷിതത്വത്തിനും, ബാങ്കിന്റെ നിലനിൽപിനും വേണ്ടിയാണ് റിസർവ് ബാങ്ക് സി.ആർ.ആർ (Cash Reserve Ratio) നിലനിർത്തണമെന്ന് നിർദേശിച്ചിട്ടുള്ളത്. എന്നാൽ ജില്ലാ സഹകരണ ബാങ്കുകളുടെ നഷ്ടം കുറക്കുന്നതിന്റെ ഭാഗമായി രണ്ട് മാസം മുമ്പ് 5 ശാഖകൾ അടച്ചുപൂട്ടിയിരുന്നു.

തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കും, സംസ്ഥാന സഹകരണ ബാങ്കും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതേ തുടർന്നാണ് തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന്റെ റിസ്‌ക് അസറ്റ് റേഷ്യോ മെയിന്റയിൻ ചെയ്യുന്നതിനായി ഇപ്പോൾ അടിയന്തരമായി 22 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുള്ളത്. എന്നാൽ കേരളബാങ്കെന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടപ്പാക്കുന്നതിന് വേണ്ടി സംസ്ഥാനം കടക്കെണിയിൽ നിൽക്കുന്ന സാഹചര്യത്തിൽ തിരക്കിട്ട് കോടികൾ വകമാറ്റി ചെലവഴിക്കുന്നത് വിവാദമായിട്ടുണ്ട്.

കേരളബാങ്ക് രൂപീകരണം സംബന്ധിച്ച കേസിൽ RBI ഗവർണറോടും കേന്ദ്ര ഫിനാൻസ് സെക്രട്ടറിയോടും സംസ്ഥാന സഹകരണ വകുപ്പ് സെക്രട്ടറിയോടും ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കുകയാണ്. ഇതിനിടെ കേരളബാങ്കിനായി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിലെ ജീവനക്കാരെ കഴിഞ്ഞയാഴ്ച മാതൃസ്ഥാപനങ്ങളിലേക്ക് സഹകരണ വകുപ്പ് തിരികെ വിളിക്കുകയും ചെയ്തു.

kerala bankstate cooperative banks
Comments (0)
Add Comment