സിപിഎം ഭരിക്കുന്ന കണ്ണമ്പ്ര സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട്; അനുമതിയില്ലാതെ വകമാറ്റിയത് 5.76 കോടി

Jaihind Webdesk
Thursday, July 28, 2022

പാലക്കാട്: സിപിഎം ഭരണത്തിലുള്ള പാലക്കാട് കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്കിൽ അഞ്ചേ മുക്കാൽ കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്ട്. നിക്ഷേപകരുടെ പണം അനുമതിയില്ലാതെ കെട്ടിട നിര്‍മ്മാണത്തിനായി വകമാറ്റി ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഒരു കോടി രൂപ മുന്‍കൂര്‍ ആയി നല്‍കി. സെക്രട്ടറിയും ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ചേർന്ന് പണം തിരിച്ചടക്കണം എന്നാണ് സഹകരണ വകുപ്പിന്‍റെ ഉത്തരവ്.

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ ഓരോ ദിവസവും ചർച്ചയാകുമ്പോഴാണ് പാലക്കാട് കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്കിൽ അഞ്ചേ മുക്കാൽ കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായുള്ള അന്വേഷണ റിപ്പോർട്ടും പുറത്തുവരുന്നത്. കണ്ണമ്പ്ര റൈസ് പാർക്കിന് ഭൂമി വാങ്ങിയതിൽ ബാങ്കിന് കൂടി പങ്കാളിത്തമുണ്ടായിരുന്ന പാപ്‌കോസ് വഴി നടത്തിയ കോടികളുടെ അഴിമതിയായിരുന്നു ആദ്യ വിവാദം. പാർട്ടി കമ്മീഷന്‍റെ അന്വേഷണത്തിൽ ബാങ്ക് സെക്രട്ടറി ആർ സുരേന്ദ്രന്‍റെ പങ്ക് തെളിഞ്ഞതോടെ സിപിഎം ഇദ്ദേഹത്തെ പുറത്താക്കി. സുരേന്ദ്രന്‍റെ ബന്ധുകൂടിയായ ജില്ലാ നേതാവിനെ തരംതാഴ്ത്തുകയും ചെയ്തു. എന്നാൽ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ എന്നാല്‍ സെക്രട്ടറിക്ക് മാത്രമല്ല ഭരണസമിതിക്ക് മുഴുവന്‍ ക്രമക്കേടില്‍ പങ്കുണ്ടെന്നാണ് അസിസ്റ്റന്‍റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്.

5 കോടി 76 ലക്ഷത്തി 57,751 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സെക്രട്ടറിയും ജീവനക്കാരും നേരത്തെയും ഇപ്പോഴത്തെയും ഭരണസമിതി അംഗങ്ങൾ ചേർന്ന് തിരിച്ചടയ്ക്കണം. ഭരണവകുപ്പിന്‍റെ അനുമതി തേടാതെ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപമായി വാങ്ങിയ അഞ്ച് കോടിയിലധികം രൂപ കെട്ടിട നിർമാണത്തിനായി വിനിയോഗിച്ചു. ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതിയില്ലാതെ ഒരു കോടി രൂപ മുൻകൂറായി നിർമാണപ്രവർത്തനങ്ങൾക്ക് നൽകി. കര്‍ഷകസേവന കേന്ദ്രം നടത്തിപ്പിലും ക്രമക്കേട് കണ്ടെത്തി. സ്ഥിരനിക്ഷേപം വകമാറ്റി. ഓണച്ചന്ത നടത്തിപ്പിൽ കിട്ടിയ പണം കൃത്യസമയത്ത് ബാങ്കിലടയ്ക്കാതെ കൈവശം വെച്ചതായും റിപ്പോർട്ടിൽ പറയുന്നു.