പുതിയ മദ്യനയം നടപ്പാക്കാന്‍ കോടികളുടെ കോഴ; സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ശബ്ദസന്ദേശം പുറത്ത്

Jaihind Webdesk
Friday, May 24, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തിലെ ഇളവിനായി കോടികളുടെ കോഴ ആരോപണം. ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്‍റ് അനിമോന്‍റെ ശബ്ദസന്ദേശമാണ് കോടികളുടെ ബാർ കോഴ ആരോപണത്തിലേക്ക് വിരൽ ചൂണ്ടുന്നത്. സർക്കാരിന്‍റെ പുതിയ മദ്യനയത്തിൽ ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടുവാനുമടക്കം  ഓരോ ബാറുടമകളും രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാവശ്യപ്പെട്ടാണ് ശബ്ദ സന്ദേശം. സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റിന്‍റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്‍റ് വാട്സ് ആപ്പ് സന്ദേശത്തിൽ  പറയുന്നുണ്ട്.

ഡ്രൈ ഡേ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവരുന്നത്. ”പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്തുതരാൻ കൊടുക്കേണ്ടത് കൊടുക്കണം”. ഇടുക്കി ജില്ലയിൽ നിന്ന് ഒരു ഹോട്ടൽ മാത്രമാണ് 2.5 ലക്ഷം നൽകിയത്. ചിലർ വ്യക്തിപരമായി പണം നൽകിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ പ്രസിഡന്‍റിന്‍റെ ശബ്ദ സന്ദേശത്തിലുണ്ട്. പണം നൽകിയ  ഇടുക്കിയിലെ ഒരു ബാർ ഹോട്ടലിന്‍റെ പേരും  ഇടുക്കി ജില്ലാ പ്രസിഡന്‍റ് വെളിപ്പെടുത്തുന്നുണ്ട്.

ബാർ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. യോഗസ്ഥലത്തു നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ്  ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു. യുഡിഎഫ് കാലത്ത് ബാർകോഴ പ്രതിപക്ഷമായ എൽഡിഎഫ്  വൻതോതിൽ ഉയർത്തിയിരുന്നു. ഇന്ന് ഇടതു ഭരണകാലത്തെ മദ്യനയമാറ്റ സമയത്താണ് വീണ്ടും കോഴ ചർച്ചയാകുന്നത്.

ഇതിന് പുറമേ സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതി പ്രതിപക്ഷത്തിന്‍റെ എതിർപ്പ് മറികടന്ന് അംഗീകാരം നൽകിയിരുന്നു. ഐടി പാർക്കുകളിലെ മദ്യശാലകളുടെ നടത്തിപ്പ് അവകാശം ബാറുടമകൾക്ക് തന്നെ ലഭിക്കുന്ന രീതിയിലാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ പുതിയ മദ്യനയത്തിൽ ബാർ ഉടമകൾക്ക്  സഹായകരവും ഏറെ നേട്ടം കൊയ്യാവുന്നതുമായ ഒട്ടനവധി ഭേദഗതികളാണ് രൂപപ്പെടുത്തി വരുന്നത്. കോടികളുടെ കോഴ ലക്ഷ്യം വെച്ചാണ് സർക്കാർ നയം മാറ്റത്തിലേക്ക് കടക്കുന്നതെന്ന് വ്യക്തമായ സൂചന നൽകുന്ന തെളിവാണ് ശബ്ദസന്ദേശത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.