അമേരിക്കന്‍ ഭീഷണിക്ക് വഴങ്ങി മരുന്ന് കയറ്റുമതിയില്‍ ഇളവ് ചെയ്ത മോദി സർക്കാരിന്‍റെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. അമേരിക്കയുടെ വിരട്ടലില്‍ മോദി വഴങ്ങിയത് രാജ്യത്തിന് ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലാണുള്ളത്. അതോടൊപ്പം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സ്വീകരിച്ച ശക്തമായ നിലപാടും ചര്‍ച്ചയാവുകയാണിപ്പോള്‍.
ഇന്ത്യയുടെ മുൻ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്‍റെ ഒരു ലേഖനത്തിലാണ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സ്വീകരിച്ച ശക്തമായ നിലപാട് ചൂണ്ടിക്കാണിക്കുന്നത്. 2005 ല്‍ ഇരുരാജ്യങ്ങളുമായുള്ള ആണവ കരാര്‍ പ്രഖ്യാപിക്കുന്നതിന് തലേദിവസം അമേരിക്ക പ്രയോഗിച്ച സമ്മർദ്ദത്തിന് മുമ്പില്‍ വഴങ്ങാതെ നിലപാട് പ്രഖ്യാപിക്കുകയായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. എട്ട് വരെ ആണവറിയാക്ടറുകള്‍ ഇന്ത്യക്ക് നല്‍കാം എന്ന മുന്‍ ധാരണയില്‍ നിന്നും രണ്ട് റിയാക്ടറുകള്‍ മാത്രം നല്‍കാം എന്ന നിലയിലേക്ക് അമേരിക്ക കടകംമറിഞ്ഞു. എന്നാല്‍ ഇത്തരമൊരു സമ്മർദ്ദ തന്ത്രത്തിന് മുന്നില്‍ ഡോ. മന്‍മോഹന്‍ സിംഗ് കുലുങ്ങാതെ നിന്നു. മാത്രമല്ല, അമേരിക്കയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കുകയും ചെയ്തു.
2005 ജൂലൈ 18നാണ് വൈറ്റ് ഹൌസിന് മുന്നില്‍ ആണവ കരാര്‍ സംബന്ധിച്ച പ്രഖ്യാപനം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷും ചേർന്ന് നടത്താനിരിക്കുന്നത്. അമേരിക്കയുടെ മലക്കംമറിച്ചിലിന് പിന്നാലെ ജൂലൈ 17 ന് രാത്രി മന്‍മോഹന്‍ സിംഗ് ഇന്ത്യന്‍ സംഘത്തോട് കരാറില്‍ നിന്ന് പിന്മാറുകയാണ് എന്ന തീരുമാനം അറിയിക്കുന്നു. രാത്രിയില്‍ തന്നെ വൈറ്റ് ഹൌസിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. തുടർന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസിനെ ഡോ. മന്‍മോഹന്‍ സിംഗിനെ കാണാന്‍ ജോര്‍ജ് ബുഷ് നിയോഗിക്കുകയും ചെയ്തെങ്കിലും കാണാന്‍ ഡോ. മന്‍മോഹന്‍ സിംഗ് അനുവാദം നല്‍കിയില്ല. തുടർന്ന് വിദേശകാര്യമന്ത്രി നട്‌വർ സിംഗിനെ കണ്ട് മുന്‍ധാരണ പ്രകാരം കരാര്‍ നടപ്പാക്കാം എന്ന് അറിയിക്കുകയും ചെയ്യുന്നു. അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ അമേരിക്കയെ സമ്മർദ്ദത്തിലാക്കുന്ന നിലപാടാണ് ഡോ. മന്‍മോഹന്‍ സിംഗ് സ്വീകരിച്ചത്. ഡോ. മന്‍മോഹന്‍ സിംഗിന്‍റെ ശക്തമായ നിലപാടില്ലായിരുന്നുവെങ്കില്‍ ഈ കരാര്‍ ഇത്തരത്തില്‍ സംഭവിക്കില്ലായിരുന്നു എന്നതും എം.കെ നാരായണന്‍ ചൂണ്ടിക്കാണിക്കുന്നു.
കാലാകാലങ്ങളായി അമേരിക്കയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. എന്നാല്‍ അതില്‍ വിധേയത്വത്തിനല്ല സൗഹൃദത്തിനാണ് സ്ഥാനം. ഭീഷണിക്ക് വഴങ്ങുന്നതും മനുഷ്യത്വത്തിന്‍റെ പേരില്‍ സഹായം ചെയ്യുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. ഇത്തരം ഭീഷണികളെ രാജ്യം ഇതിന് മുൻപ് എങ്ങിനെ നേരിട്ടു എന്ന് ഇന്ദിരാ ഗാന്ധിയും മന്‍മോഹന്‍സിംഗും അടക്കമുള്ള മുൻഗാമികളിൽ നിന്ന് നരേന്ദ്ര മോദി കണ്ടുപഠിക്കേണ്ടതുണ്ട്.