‘വിമര്‍ശനങ്ങളെ പോസിറ്റീവായി കാണുന്നു’: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Sunday, March 13, 2022

 

ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ ഉയരുന്ന വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. വിമര്‍ശനത്തിന് അതീതനായ ആളല്ല താനെന്നും വിമർശനങ്ങളെ പോസിറ്റീവായി കാണുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിയുടെ തോൽവിയിൽ പ്രവർത്തകർക്കുണ്ടാകുന്ന വിഷമത്തിൽ നിന്ന് ഉണ്ടാകുന്ന പ്രതികരണങ്ങളാണത്. പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങളെ അതേ സ്പിരിറ്റോടെ ഉൾക്കൊള്ളുന്നു. ഓരോരുത്തര്‍ക്കും ഓരോ ഭാഷയാണ്. വിമർശനങ്ങൾക്ക് അതീതനായ ആളല്ല താൻ. വ്യക്തിപരം എന്നതിലുപരി വഹിക്കുന്ന പദവിയെയാണ് അവർ വിമർശിക്കുന്നതെന്നാണ് വിശ്വസിക്കുന്നത്. സ്ഥാനമാനങ്ങള്‍ എന്നതിലല്ല, മറിച്ച് പാര്‍ട്ടി എന്ത് ഉത്തരവാദിത്വം ഏല്‍പിച്ചാലും അത് കഴിവിന്‍റെ പരമാവധി ഭംഗിയായി ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം നേതൃത്വത്തിന് വ്യക്തമായി അറിയാവുന്നതാണ്.  കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് എന്ത് തീരുമാനമെടുക്കാനും അധികാരമുണ്ട്. താനുള്‍പ്പെടെയുള്ളവര്‍ അതിന്  വിധേയരാണെന്നും അദ്ദേഹം വ്യക്തമാക്കി.