പെന്‍ഷന്‍, രക്ഷാപ്രവർത്തനം, മൈക്ക്… പിണറായിക്ക് നാട്ടിലും രക്ഷയില്ല; കണ്ണൂർ ജില്ലാ കമ്മിറ്റിയിലും രൂക്ഷ വിമർശനം

Jaihind Webdesk
Sunday, June 23, 2024

 

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. രക്ഷാപ്രവർത്തന പരാമർശം തിരിച്ചടിയായെന്നും ജില്ല കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു. രണ്ടാം പിണറായി സർക്കാർ, ആദ്യത്തേതിന്‍റെ നിഴൽ മാത്രമെന്നും അംഗങ്ങൾ വിമർശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് മുഖ്യമന്ത്രിക്കെതിരെയും മന്ത്രിമാർക്കുമെതിരെ വിമർശനം ഉയർന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതിനെ രക്ഷാപ്രവർത്തനം എന്നു വിശേഷിപ്പിച്ചത് തിരിച്ചടിയായെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു.

നേരത്തെ പത്തനംതിട്ടയിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കണ്ണൂർ ജില്ലാ കമ്മിറ്റിയിലും വിമർശനം ഉർന്നത്. ക്ഷേമ പെൻഷൻ വൈകിയത് മോശം പ്രതിഛായയ്ക്ക് കാരണമായി. പെൻഷൻ വൈകാനുള്ള കാരണം ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുന്നതിൽ വീഴ്ച വന്നതായും അംഗങ്ങൾ വിമർശിച്ചു. മുൻഗണന നിശ്ചയിക്കുന്നതിൽ സർക്കാർ വലിയ പരാജയമാണെന്നുള്ള വിമർശനങ്ങളും കമ്മിറ്റി അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പാർട്ടി നടത്തിയ പ്രക്ഷോഭങ്ങൾ ഭൂരിപക്ഷ വിഭാഗത്തിന്‍റെ വോട്ട് ചോർച്ചയ്ക്ക് ഇടയാക്കിയെന്നും അംഗങ്ങൾ വിമർശനം ഉയർത്തി. മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കി.

നേതാക്കളുടെ ചില പ്രതികരണങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയതെന്നും കമ്മിറ്റി വിലയിരുത്തി. മൈക്ക് വിവാദം വിപരീത ഫലമാണ് ഉണ്ടാക്കിയത്. എം.വി. ഗോവിന്ദൻ മൈക്ക് ഓപ്പറേറ്റർമാർക്ക് ക്ലാസ് എടുത്ത സംഭവവും കമ്മിറ്റിയിൽ വിമർശനവിധേയമായി. പൊതുസമൂഹം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രത ഉണ്ടായില്ല. രണ്ടാം പിണറായി സർക്കാർ ആദ്യത്തേതിന്‍റെ നിഴൽ മാത്രമാണെന്നും വിമർശനം ഉയർന്നു. സമീപകാലത്തൊന്നുമില്ലാത്ത രീതിയിലുള്ള വലിയ വിമർശനമാണ് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്നുവന്നത്.