ലിസ്ബണ്‍: പ്രായം കൂടുംതോറും വീര്യം കൂടുമെന്ന് തെളിയിക്കുകയാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറില്‍ 900 ഗോളുകള്‍ തികച്ചിരിക്കുന്നു പോര്‍ച്ചുഗീസ് സൂപ്പര്‍ താരം. യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍.
രാജ്യാന്തര ഫുട്‌ബോളില്‍ 131 ഗോളുകളാണ് റൊണാള്‍ഡോയ്ക്കുള്ളത്. 450 ഗോളുകള്‍ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിലും, 145 എണ്ണം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും, 101 ഗോളുകള്‍ യുവന്റസിലും, 68 ഗോളുകള്‍ അല്‍ നസ്‌റിലും, അഞ്ചെണ്ണം ആദ്യ ക്ലബ്ബായ സ്‌പോര്‍ടിങ് ലിസ്ബനിലും താരം സ്വന്തമാക്കിയിട്ടുണ്ട്. 859 കരിയര്‍ ഗോളുകളുമായി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 765 ഗോളുകളുമായി ബ്രസീല്‍ ഇതിഹാസ താരം പെലെയാണ് മൂന്നാമത്.
പുരുഷ ഫുട്‌ബോളില്‍ 800 ഗോള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് റൊണാള്‍ഡോ നേരത്തേ സ്വന്തമാക്കിയിരുന്നു, ഇപ്പോഴിതാ 900 ഗോളുകള്‍ നേടുന്ന ആദ്യ താരവുമായി. ആയിരം ഗോളുകളിലേക്കെത്തുകയാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നു റൊണാള്‍ഡോ പ്രതികരിച്ചിട്ടുണ്ട്. റൊണാള്‍ഡോയുടെ 769 ഗോളുകളും ക്ലബ്ബ് കരിയറില്‍നിന്നുള്ളതാണ്. ചരിത്ര ഗോള്‍ പിറന്നപ്പോള്‍ കൈകള്‍കൊണ്ട് മുഖം മറച്ച് ഗ്രൗണ്ടില്‍ വീണാണ് താരം ആഘോഷിച്ചത്. ”ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന നേട്ടത്തിലാണ് ഇപ്പോള്‍ എത്തിയത്. ഞാന്‍ കളിക്കുന്നതു തുടര്‍ന്നാല്‍ ഈ നമ്പരിലേക്ക് എത്താന്‍ സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.” റൊണാള്‍ഡോ മത്സരശേഷം പ്രതികരിച്ചു.