കൈത്തറി മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഒരു പുനര്‍ജ്ജീവന പാക്കേജ് നടപ്പിലാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. കൈത്തറി മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും നേരിട്ട് കണ്ടറിയുന്നതിനും കൈത്തറി മേഖലയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതിനുമായി രമേശ് ചെന്നിത്തല പെരിങ്ങമ്മല കാവേരി വീവ്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിലെത്തി കൈത്തറി നെയ്ത്ത് തൊഴിലാളികളെ സന്ദര്‍ശിച്ചു.
കൈത്തറിത്തൊഴിലാളികളെ കൈത്തറി കലാകാരന്‍മാരായി അംഗീകരിക്കുവാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഈ മേഖലയെ പൂര്‍ണ്ണമായും സംരക്ഷിക്കുന്ന എല്ലാ നിലപാടുകളും സ്വീകരിക്കുമെന്ന് അദ്ദേഹം തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. കൈത്തറി തൊഴിലാളി കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കൊപ്പം എത്തിയ അദ്ദേഹം തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.