കർണാടക മന്ത്രിസഭ വികസനം വഴിമുട്ടി. അധികാരത്തിലേറി രണ്ടാഴ്ച പിന്നിട്ടിട്ടും കര്‍ണാടക മന്ത്രിസഭ വികസിപ്പിക്കാനാകാതെ ബിജെപി. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ഏകാംഗ മന്ത്രിസഭയാണ് ഇപ്പോൾ നിലവിൽ ഉള്ളത്.
മന്ത്രിസഭ വികസിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും കാണാന്‍ യെദ്യൂരപ്പ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. ഇതാണ് മന്ത്രിസഭാ വികസനം വൈകുന്നത്.
കര്‍ണാടകത്തില്‍ ബിജെപി അധികാരത്തിലേറിയ ശേഷം മുഖ്യമന്ത്രി യെദ്യൂരപ്പയെ കൂടാതെ 33 മന്ത്രിസ്ഥാനങ്ങളാണ് ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നത്. മുഖ്യമന്ത്രിപദത്തില്‍ കയറുന്നതിന് ഒരു ദിവസം മുന്‍പ് യെദ്യൂരപ്പ അമിത് ഷായുമായും മോദിയുമായും കൂടിക്കാഴ്ച നടത്താന്‍ മൂന്നു പ്രാവശ്യം ശ്രമിച്ചെങ്കിലും നടന്നില്ല. കശ്മീര്‍ വിഷയവും മുന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മരണവും കാരണം കൂടിക്കാഴ്ചകള്‍ പിന്നെയും മുടങ്ങി.
പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നമാണ് മന്ത്രിസഭ വികസനം നീണ്ടുപോകാന്‍ കാരണമാകുന്നത്. നേതാക്കൾ എല്ലാവരും മന്ത്രി സ്ഥാനം വേണമന്ന ആവശ്യം ഉന്നയിക്കുന്നത് പാർട്ടി നേതൃത്യത്തെ പ്രതിരോധത്തിലാക്കുകയാണ്.
അയോഗ്യരാക്കിയ തീരുമാനം കോടതി റദ്ദാക്കിയാല്‍, കോണ്‍ഗ്രസും ജെഡിഎസും വിട്ടുവന്ന നേതാക്കള്‍ക്കും മന്ത്രിസ്ഥാനം നല്‍കേണ്ടിവരും. എന്നാല്‍ കോടതി സ്പീക്കറുടെ തീരുമാനം ശരിവെച്ചാല്‍ ബിജെപിക്ക് ആ തലവേദന ഒഴിവാകും. ആശങ്കയില്ലാതെ പാര്‍ട്ടി നേതാക്കള്‍ക്കു തന്നെ മന്ത്രിപദവി നല്‍കാം.
17 എംഎല്‍എമാരെ അയോഗ്യരാക്കിയിരുന്നെങ്കിലും അതില്‍ മൂന്നുപേര്‍ കോടതിയെ സമീപിച്ചിട്ടില്ല.