തന്റെ പേരില്‍ വ്യാജ അസഭ്യ കവിതകളും മറ്റ് പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നതായി മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ജി. സുധാകരന്‍. ഇത് അപകീര്‍ത്തികരമായ സൈബര്‍ ആക്രമണമാണെന്നും, പോസ്റ്റിനു പിന്നില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി.
‘മുന്‍ മന്ത്രി ജി. സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കവിത വൈറലാകുന്നു’ എന്ന തലക്കെട്ടോടെ ഒരു അശ്ലീല കവിതയും തന്റെ പടത്തോടുകൂടിയ കൂടിയുള്ള ഒരു സ്‌ക്രീന്‍ഷോട്ടും കോഴിക്കോടുള്ള ഒരു സുഹൃത്ത് അവരുടെ ഗ്രൂപ്പില്‍ വന്നതായി തന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നാണ് സുധാകരന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നത്. കുറച്ചുനാളായി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് മനഃപൂര്‍വം തന്നെ അപമാനിക്കാന്‍ വേണ്ടിയാണെന്നും സുധാകരന്‍ പറഞ്ഞു.
ജി സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മുന്നറിയിപ്പ്:
ജാഗ്രത !
‘സ. പിണറായി വിജയന് ജി സുധാകരന്‍ അയച്ച കവിത വൈറലാകുന്നു’ എന്നു പറഞ്ഞ് ഇപ്പോള്‍ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാന്‍ അവരുടെ ഗ്രൂപ്പില്‍ വന്നതായി അയച്ചുതന്നു.
കുറച്ചുനാളായി എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂര്‍വ്വം എന്നെ അപമാനിക്കാന്‍ വേണ്ടിയാണ്.
സൈബര്‍ പോലീസ് ഇത് ശ്രദ്ധിച്ചാല്‍ കൊള്ളാം. ഗുരുതരമായ സൈബര്‍ കുറ്റമാണിത്.