തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ സംരക്ഷിക്കാൻ ക്രൈം ബ്രാഞ്ച്. കത്ത് വ്യാജമെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെയും മേയറുടെയും മൊഴി ശരിവെച്ച് റിപ്പോർട്ട് തയാറാക്കാൻ നീക്കം. കത്തിന്‍റെ ഒറിജിനൽ എവിടെയെന്ന് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞില്ല. ആനാവൂർ നാഗപ്പന്‍റെ മൊഴി നേരിട്ട് എടുക്കാൻ ഇനി ശ്രമിക്കേണ്ടെന്നും തീരുമാനമായി. അതേസമയം ഇന്ന് നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയോഗത്തിൽ കത്ത് വിഷയം ചർച്ചയായില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍ പറഞ്ഞു.
കത്തയച്ചിട്ടില്ലെന്ന് മേയറും കത്ത് കിട്ടിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പറയുമ്പോള്‍ അന്വേഷണ സംഘത്തിന്‍റെ കൈവശം കിട്ടിയത് കത്തിന്‍റെ സ്ക്രീൻ ഷോട്ട് മാത്രം. അതേസമയം മേയറുടെ പരാതിയിൽ സത്യാവസ്ഥ കണ്ടെത്താൻ യഥാർത്ഥ കത്ത് കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ ഇത് കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. കത്ത് കണ്ടെത്താതെ കൂടുതൽ ആളുകളുടെ മൊഴിയെടുക്കുന്നതും പ്രഹസനമാകും. മൊഴി നല്‍കിയെന്ന് ആനാവൂർ നാഗപ്പന്‍ പ്രതികരിച്ചപ്പോള്‍ മൊഴി എടുത്തിട്ടില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ നിലപാട്. പിന്നീട് ഇതും വിവാദമായപ്പോള്‍ ടെലിഫോണില്‍ സംസാരിച്ചത് മൊഴിയായി കണക്കാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആനാവൂരിന്‍റെ ടെലിഫോണ്‍ മൊഴി കണക്കിലെടുത്ത് തല്‍ക്കാലം നേരിട്ട് കണ്ട് മൊഴിയെടുക്കേണ്ടെന്നാണ് നിലവില്‍ അന്വേഷണ സംഘത്തിന്‍റെ തീരുമാനം. നിയമനത്തിനായി മറ്റൊരു കത്ത് അയച്ചെന്ന് തുറന്നുസമ്മതിച്ച സിപിഎമ്മിന്‍റെ പാർലമെന്‍ററി പാർട്ടി നേതാവ് ഡി.ആർ അനിലാകട്ടെ ക്രൈം ബ്രാഞ്ചുമായി ഇതുവരെ സഹകരിച്ചിട്ടില്ല. ഈ കത്ത് സംബന്ധിച്ച് നിലവില്‍ പരാതികളില്ല.
കത്ത് വിവാദം നിലവില്‍ വിജിലന്‍സും ക്രൈം ബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. കത്തിന്‍റെ ആധികാരികതയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. കത്തുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് വിജിലന്‍സിന്‍റെ അന്വേഷണപരിധിയില്‍ ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. എസ്.പി, കെ.ഇ ബൈജുവിനാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടച്ചുമതല. വിജിലൻസ് സംഘം ഇന്ന് കോർപറേഷനിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നു. കത്ത് തയാറാക്കിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ വിജിലന്‍സിന് മൊഴി നല്‍കിയത്. നേരത്തെ ക്രൈം ബ്രാഞ്ചും ഇവരുടെ മൊഴിയെടുത്തിരുന്നു.
കത്ത് വിവാദത്തില്‍ മേയറെ സംരക്ഷിക്കുന്ന നടപടിയാണ് സിപിഎം സ്വീകരിക്കുന്നത്. മേയർക്കെതിരായ പരാതിയിലെ അന്വേഷണം പ്രഹസനമാണെന്ന് ഇതിനോടകം ആക്ഷേപം ഉയർന്നിട്ടുണ്ട്. യഥാർത്ഥ കത്ത് കണ്ടെത്താനാകാത്തതും ടെലിഫോണ്‍ മൊഴിയെടുപ്പിലെ അസ്വാഭാവികതയും ഇതിന് ബലം പകരുന്നു. യഥാർത്ഥ കത്ത് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഫൊറൻസിക് പരിശോധന നടത്താനാവാതെ കേസ് അട്ടിമറിക്കപ്പെടുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.