മന്‍സൂർ വധക്കേസ് ക്രൈംബ്രാഞ്ചിന് ; 15 അംഗ സംഘം അന്വേഷിക്കും

Jaihind Webdesk
Thursday, April 8, 2021

കണ്ണൂര്‍ : പാനൂര്‍ മന്‍സൂര്‍ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഇസ്മയിലിന്‍റെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുക. 11 പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.

കൊലപാതകത്തിന് പിന്നിലെ പ്രതികളെ പിടിക്കുന്നതിലെ പൊലീസ് നിഷ്ക്രിയത്വത്തിനെതിരെ യുഡിഎഫ് നേതാക്കള്‍ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. സമാധാന യോഗം പ്രഹസനമാണെന്ന് ആരോപിച്ച് യുഡിഎഫ് ഇത് ബഹിഷ്കരിക്കുകയും ചെയ്തു. കൊലപാതകം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും മറ്റുപ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിനായി 15 അംഗ സംഘത്തെ നിയോഗിച്ചത്.

പോലീസില്‍നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും  കൊലക്കേസിലെ പ്രതികളെ പിടികൂടാതെ സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും യുഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പിടികൂടാത്ത പോലീസിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.