പുരാവസ്തു തട്ടിപ്പ്: ക്രൈം ബ്രാഞ്ച് അനിത പുല്ലയിലിന്‍റെ മൊഴി എടുത്തു

തിരുവനന്തപുരം : മോൻസണ്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട്അനിത പുല്ലയിലിന്‍റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. മോൻസണുമായി അനിതയ്ക്കുള്ള ബന്ധത്തിന്‍റെ പശ്ചാത്തലത്തിലാണ്ചോദ്യം ചെയ്തത്. മോൻസണ്‍ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹറയ്ക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് അനിത പുല്ലയിൽ പറഞ്ഞിരുന്നു.

മോന്‍സന്‍റെ പല ഇടപാടുകളും അനിത അറിഞ്ഞുകൊണ്ടാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് നടപടി.  മോൻസന്‍റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോൻസന് പരിചയപ്പെടുത്തിയത് അനിതയാണെന്നും ഡ്രൈവർ അജി മൊഴി നല്‍കിയിരുന്നു. 2019 മെയില്‍ അനിത പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പം മോൻസന്‍റെ വീട്ടിൽ എത്തിയിരുന്നു. ഒരാഴ്ച കലൂരിലെ വീട്ടിൽ താമസിക്കുകയും ചെയ്തു. ഈ കാലയളവില്‍ മോന്‍സന്‍റെ തട്ടിപ്പ് സംബന്ധിച്ച് അനിതയോട് ചിലർ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തട്ടിപ്പ് മനസിലായിട്ടും അനിത സൗഹൃദം തുടർന്നു. മ്യൂസിയം സന്ദർശിക്കാനായി മുന്‍ ഡിജിപി ലോക്നാഥ് ബെഹറയെ ക്ഷണിച്ചത് അനിതയാണ്.

ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റിൽ മോൻസന്‍റെ പിറന്നാൾ ആഘോഷത്തിലും അനിത സജീവമായിരുന്നു. മോൻസന്‍റെ സുഹൃത്തായ ഐജി ലക്ഷ്മണുമായി അനിത നടത്തിയ ചാറ്റ് പുറത്ത് വന്നിരുന്നു. മോന്‍സണ്‍ അറസ്റ്റിലായി, കൂടുതല്‍ വിവരങ്ങള്‍ നേരിട്ട് പറയാം എന്ന് അനിത പറയുന്നുണ്ട്.

Comments (0)
Add Comment