നയന സൂര്യയുടെ മരണം നടന്ന വീട്ടില്‍ ക്രൈം ബ്രാഞ്ച് തെളിവെടുപ്പ്; ഇന്നുമുതല്‍ മൊഴിയെടുപ്പ് ആരംഭിക്കും

Jaihind Webdesk
Wednesday, January 18, 2023

 

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണത്തെക്കുറിച്ച് പുനഃരന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മുതൽ മൊഴിയെടുപ്പ് ആരംഭിക്കും. നയനയുടെ സഹോദരന്‍റെയും മൂന്ന് സുഹൃത്തുക്കളുടെയും മൊഴിയാകും ആദ്യമെടുക്കുക. പിന്നിട്ട് അടുത്ത ബന്ധുക്കളുടെയും കൂടുതൽ സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും. പോലീസ് ശേഖരിച്ച ആദ്യ മൊഴികളിലെ വൈരുധ്യവും പരിശോധിക്കും.

നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയ വാടക വീട്ടിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിന്‍റെ മേൽനോട്ടച്ചുമതലയുള്ള ക്രൈം ബ്രാഞ്ച് എസ്.പി മധുസൂദനന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. വെള്ളയമ്പലം ആൽത്തറ ജംഗ്ഷന് സമീപം ഇരുനില വീടിന്‍റെ മുകൾ നിലയിലായിരുന്നു നയനയും സുഹൃത്തും താമസിച്ചിരുന്നത്. വീടിന്‍റെ ഉടമ വിദേശത്താണ്. മുകൾ നിലയിൽ പുറത്തേക്ക് തുറക്കുന്ന ബാൽക്കണിയുണ്ട്. ഇവിടെ നിന്ന് സൺഷേഡിലേക്ക് ഇറങ്ങാനും മതിലിൽ ചാടി പുറത്തേക്ക് പോകാനും കഴിയുമോയെന്ന് പരിശോധിച്ചു. സൺഷെയ്ഡും മതിലും തമ്മിൽ ഒരു മീറ്ററിലധികം അകലമുണ്ടെങ്കിലും നീളമുള്ള കാലുള്ളവർക്ക് ഇതുവഴി കടക്കാൻ കഴിയുമെന്ന് പോലീസ് കണ്ടെത്തി.

ആദ്യ അന്വേഷണ സംഘത്തിന് സാക്ഷികൾ നൽകിയ മൊഴി അനുസരിച്ച് നയനയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ ബാൽക്കണിയിലേക്കുള്ള വാതിൽ പൂട്ടിയ നിലയിലായിരുന്നു. നയനയുടെ മൃതദേഹം കണ്ടെത്തിയ മുറിക്ക് ഒരു വാതിൽ മാത്രമേയുള്ളൂ. അത് പൂട്ടിയ നിലയിലായിരുന്നുവെന്നും ചവിട്ടി തുറക്കുകയായിരുന്നുവെന്നുമാണ് ആദ്യ അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിലുള്ളത്. ഈ വിവരങ്ങളുടെ കൃത്യത പരിശോധിക്കും. വീടുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും അയൽക്കാരുടെയും മൊഴി രേഖപ്പെടുത്തും. ആദ്യഘട്ട അന്വേഷണത്തിൽ മൊഴി നൽകിയവരുടെയും നൽകാത്തവരുടെയും വിവരങ്ങൾ പട്ടികയാക്കി വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകും. ഓച്ചിറയിൽ നയനയുടെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തും.