ക്രിക്കറ്റിന്‍റെ മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ഐസിസി ചാംപ്യൻസ് ട്രോഫി ഒൻപതാം പതിപ്പോടെ ഇന്നുമുതൽ പാക്കിസ്ഥാനിലെ കറാച്ചിയിൽ അരങ്ങേറുന്നു. 8 ടീമുകൾ, 2 ഗ്രൂപ്പുകൾ, 15 മത്സരങ്ങൾ—രസകരമായ പോരാട്ടങ്ങൾക്കുള്ള വേദിയാകുകയാണ് പാക്കിസ്ഥാൻ. 2017ൽ ചാംപ്യൻമാരായ പാക്കിസ്ഥാൻ തന്നെയാണ് ഇത്തവണ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. അന്ന് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചാണ് പാകിസ്ഥാന്‍ കിരീടം ചൂടിയത്.
1996 ഏകദിന ലോകകപ്പിന് ശേഷം ഏതാണ്ട് 3 പതിറ്റാണ്ട് കഴിഞ്ഞ് ആദ്യമായാണ് പാക്കിസ്ഥാൻ ഐസിസി ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ സുരക്ഷ കാരണങ്ങളാല്‍ ഇന്ത്യയുടെ മത്സരങ്ങൾ എല്ലാം തന്നെ ദുബായിലാകും നടക്കുക. ഇന്ന് കറാച്ചിയിൽ പാക്കിസ്ഥാനും ന്യൂസീലന്‍റും തമ്മിലാണ് ഉദ്ഘാടന മത്സരം. നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യ ആദ്യ മല്‍സരത്തിനിറങ്ങുന്നത്. ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഫെബ്രുവരി 23നാണ്. തീപാറും പോരാട്ടത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയാകുമെന്ന് ഉറപ്പ്.
15 മത്സരങ്ങൾ പിന്നിട്ട് മാർച്ച് 9നാണ് ഫൈനല്‍ പോരാട്ടം നടക്കുക. ഉച്ചകഴിഞ്ഞ് 2.30 മുതലാണ് മത്സരങ്ങൾ നടക്കുന്നത്. ആവേശകരമായ മത്സരങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.