
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ ആധികാരിക ജയം. ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ കന്നി ഏകദിന സെഞ്ചുറിയുടെയും മുന്‍ നായകന്മാരായ രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും അര്‍ദ്ധസെഞ്ചുറികളുടെയും കരുത്തില്‍, 271 റണ്‍സ് വിജയലക്ഷ്യം 39.5 ഓവറില്‍ ഇന്ത്യ മറികടന്നു. ഈ വിജയത്തോടെ മൂന്ന് മത്സര പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.
271 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി രോഹിത് ശര്‍മ്മയും ജയ്സ്വാളും ചേര്‍ന്ന് കരുതലോടെയുള്ള തുടക്കമാണ് നല്‍കിയത്. തുടക്കത്തില്‍ ശ്രദ്ധയോടെ കളിച്ച ജയ്സ്വാളിനെ സാക്ഷിയാക്കി, രോഹിത് സ്‌കോറിംഗിന്റെ വേഗത ഏറ്റെടുത്തു. വെടിക്കെട്ട് ബാറ്റിംഗിലൂടെ 54 പന്തില്‍ അര്‍ദ്ധസെഞ്ചുറി തികച്ച രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സെന്ന അതുല്യ നേട്ടവും കൈവരിച്ചു. 75 റണ്‍സെടുത്ത രോഹിത്തിന്റെ മടക്കത്തിന് ശേഷം ക്രീസിലെത്തിയ വിരാട് കോലി, തന്റെ ക്ലാസിക് ശൈലിയില്‍ കളിച്ച് ജയ്സ്വാളിന് മികച്ച പിന്തുണ നല്‍കി.
ആദ്യ പകുതിയില്‍ ശ്രദ്ധയോടെ കളിച്ച ജയ്സ്വാള്‍, അര്‍ദ്ധസെഞ്ചുറിക്ക് ശേഷം തന്റെ ഗിയര്‍ മാറ്റുന്ന മനോഹര കാഴ്ചയാണ് കണ്ടത്. വെറും 36 പന്തുകളിലാണ് ജയ്‌സ്വാള്‍ അര്‍ദ്ധസെഞ്ചുറിയില്‍ നിന്ന് കന്നി ഏകദിന സെഞ്ചുറിയിലേക്ക് കുതിച്ചെത്തിയത്. 111 പന്തില്‍ ഈ നേട്ടം കൈവരിച്ചതോടെ, ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആറാമത്തെ മാത്രം ഇന്ത്യന്‍ താരമായി ജയ്‌സ്വാള്‍ മാറി. 121 പന്തില്‍ 116 റണ്‍സുമായി പുറത്താകാതെ നിന്ന ജയ്സ്വാളിനൊപ്പം, 45 പന്തില്‍ 65 റണ്‍സെടുത്ത കോലിയും ചേര്‍ന്ന് ഇന്ത്യന്‍ വിജയം അതിവേഗം പൂര്‍ത്തിയാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ 47.5 ഓവറില്‍ 270 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യക്കായി നാല് വിക്കറ്റ് വീതം വീഴ്ത്തി കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയുമാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റത്തിന് തടയിട്ടത്.