ബഹിരാകാശ നിലയത്തിലെ ആരോഗ്യ ആശങ്ക: ക്രൂ-11 ദൗത്യം ചുരുക്കി; സംഘം ജനുവരി 15ന് ഭൂമിയിലെത്തും

Jaihind News Bureau
Saturday, January 10, 2026

കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ഒരു ബഹിരാകാശ സഞ്ചാരിക്ക് ഉണ്ടായ ഗുരുതര ആരോഗ്യപ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂ-11 ദൗത്യം നാസ അടിയന്തരമായി ചുരുക്കുന്നു. ജനുവരി 14ന് അമേരിക്കന്‍ സമയം വൈകുന്നേരം 5 മണിക്ക് സ്‌പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം നാലംഗ സംഘത്തോടൊപ്പം ഐഎസ്എസില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങും. ഇന്ത്യന്‍ സമയം ജനുവരി 15 പുലര്‍ച്ചെ 3.30നാണ് പേടകം ഭൂമിയിലെത്തുക. ഐഎസ്എസില്‍ നിന്ന് ഇത്തരമൊരു അടിയന്തര മടക്കം ചരിത്രത്തിലാദ്യമായാണ് നടക്കുന്നത്.

ഐഎസ്എസില്‍ കഴിയുന്ന ഒരു സഞ്ചാരിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നം സ്ഥിരീകരിച്ചതോടെയാണ് ദൗത്യം നിശ്ചിത കാലാവധിക്ക് മുന്‍പേ അവസാനിപ്പിക്കാന്‍ നാസ തീരുമാനിച്ചത്. ആരോഗ്യനില കണക്കിലെടുത്ത് സംഘത്തെ ഉടന്‍ ഭൂമിയിലേക്ക് തിരിച്ചെത്തിക്കേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് ക്രൂ-11 മടക്കം വേഗത്തിലാക്കിയത്. എന്നാല്‍ ഏത് സഞ്ചാരിക്കാണ് പ്രശ്നം ഉണ്ടായതെന്ന് നാസ വ്യക്തമാക്കിയിട്ടില്ല.

സെന കാര്‍ഡ്മാന്‍ (മിഷന്‍ കമാന്‍ഡര്‍), മൈക്ക് ഫിന്‍കെ (മിഷന്‍ പൈലറ്റ്), ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയിലെ കിമിയ യുവി, റഷ്യന്‍ ബഹിരാകാശ ഏജന്‍സിയിലെ ഒലെഗ് പ്ലാറ്റോണോവ് എന്നിവരാണ് ക്രൂ-11 സംഘത്തിലെ അംഗങ്ങള്‍. ജനുവരി എട്ടിന് സെനയും മൈക്കും ചേര്‍ന്ന് ബഹിരാകാശ നടത്തം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും, സംഘത്തിലെ ഒരാളുടെ ആരോഗ്യപ്രശ്നം കാരണം അവസാന നിമിഷം അത് റദ്ദാക്കി. നിലയത്തിലെ പവര്‍ സിസ്റ്റവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളായിരുന്നു ആ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. പ്രശ്നം സെനയ്ക്കാണോ മൈക്കിനാണോ എന്നത് നാസ വെളിപ്പെടുത്തിയിട്ടില്ല. ബാധിതനായ സഞ്ചാരിയുടെ സുരക്ഷയാണ് ദൗത്യം ചുരുക്കാനുള്ള പ്രധാന കാരണം.

സാധാരണ സാഹചര്യങ്ങളില്‍ നാസയുടെ ക്രൂ ദൗത്യങ്ങള്‍ ആറുമാസത്തിലധികം നീളുന്നതാണ്. പുതിയ സംഘം ചുമതലയേറ്റെടുക്കുന്നതിന് ശേഷമാണ് നിലവിലെ സംഘം മടങ്ങാറുള്ളത്. ഫെബ്രുവരിയിലാണ് ക്രൂ-12 ദൗത്യത്തിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അവര്‍ എത്തുന്നതിന് മുമ്പ് ക്രൂ-11 മടങ്ങുന്നതോടെ, നവംബറില്‍ റഷ്യയുടെ സൊയൂസ് എംഎസ്-28 ദൗത്യത്തിലൂടെ ഐഎസ്എസിലെത്തിയ മൂന്നംഗ സംഘത്തിനാകും നിലയത്തിന്റെ പൂര്‍ണ ചുമതല. രണ്ട് റഷ്യന്‍ ബഹിരാകാശ സഞ്ചാരികളും ഒരു നാസ പ്രതിനിധിയുമാണ് ആ സംഘത്തിലുള്ളത്.