ഇഴഞ്ഞ് നീങ്ങി.. കരുവന്നൂർ ബാങ്ക് തട്ടിപ്പ്, ക്രൈം ബ്രാഞ്ച് അന്വേഷണം; 2 വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം

Saturday, September 16, 2023

തൃശൂര്‍; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം മെല്ല പോക്കിൽ . അന്വേഷണം തുടങ്ങി രണ്ടു വർഷം കഴിഞ്ഞിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പോലും ക്രൈം ബ്രാഞ്ചിനായിട്ടില്ല. രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് അന്വേഷണത്തിന് കൂച്ചു വിലങ്ങ് വീണത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇഡി അന്വേഷണം ചെന്നെത്തി നിൽക്കുന്നത് സി പി എം ഉന്നതരിൽ . സംസ്ഥാന സെക്രട്ടേറിയറ്റ്- സംസ്ഥാന സമിതി അംഗങ്ങൾ അന്വേഷണ പരിധിയിലാണ് . നഗരസഭാ കൗൺസിലർമാർ അടക്കം തൃശൂർ ജില്ലയിലെ നിരവധി നേതാക്കളെ ഇതിനോടകം ഇ.ഡി. ചോദ്യം ചെയ്തു. ബിനാമികളെന്ന് സംശയിക്കുന്നവർ അറസ്റ്റിലുമായി. എന്നാൽ ഇവരിലേക്കൊന്നും ക്രൈം ബ്രാഞ്ച് അന്വേഷണം എത്തിയില്ല. മുൻ ബാങ്ക് ഉദ്യോഗസ്ഥരിലും ഭരണസമിതി അംഗങ്ങളിലും കുറ്റം ചാർത്തി ഫയൽ മടക്കാനായിരുന്നു ക്രൈം ബ്രാഞ്ചിന് ഉന്നത ഭരണ നേതൃത്വത്തിൽ നിന്ന് ലഭിച്ച നിർദേശം. എന്നാൽ ഈ പ്രതികളിൽ പലരും ഇഡിയുടെ ചോദ്യം ചെയ്യലിൽ വിരൽ ചൂണ്ടിയത് സി പി എമ്മിന്റെ പ്രമുഖ നേതാക്കളിലേക്കാണ്.

സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ നടപടി ക്രമം പാലിക്കാതെ വായ്പ നൽകിയത് 52 പേർക്കെന്ന്
കണ്ടെത്തിയിരുന്നു. ഇവരിൽ നിന്നു മാത്രം ബാങ്കിനു 215 കോടി നഷ്ടമായെന്നും റിപ്പോർട്ട് നൽകി. എന്നാൽ ക്രൈം ബ്രാഞ്ച് ഈ 52 പേരിലേക്ക് കടന്നില്ല. മുൻ മന്ത്രി എ.സി മൊയ്തീന്റെ ബിനാമിയെന്ന് പറയപ്പെടുന്ന സതീശൻ അടക്കമുള്ളവർ കോടികളാണ് ബാങ്കിൽ നിന്നും കടത്തിയത്. ഈ രീതിയിൽ ക്രമവിരുദ്ധമായി വായ്പകൾ നൽകാൻ ആരൊക്കെ ഇടപെട്ടു, ആരുടെയൊക്കെ കൈകളിലേക്ക് പണം പോയി തുടങ്ങിയ കാര്യങ്ങളിലേക്ക് നീങ്ങാതെ പേരിനൊരു അന്വേഷണം നടത്തി സി പി എം ഉന്നെതരെ രക്ഷിക്കാനുള്ള നീക്കമാണ് ക്രൈം ബ്രാഞ്ച് നടത്തിയത്. എന്നാൽ ഇ.ഡി. കുരുക്ക് മുറിക്കിയതോടെ ഈ നീക്കം പൊളിഞ്ഞിരിക്കുകയാണ്.