തൃപ്പൂണിത്തുറ സ്ഫോടനം; ഒരാൾ മരിച്ചു, പടക്കം ശേഖരിച്ചത് പോലീസിന്‍റെ നി‍ർദ്ദേശം ലംഘിച്ച്

Jaihind Webdesk
Monday, February 12, 2024

കൊച്ചി: തൃപ്പൂണിത്തുറയിലുണ്ടായ  സ്ഫോടനത്തിൽ ഒരാൾ മരിച്ചു. വിഷ്ണു എന്ന  ആളാണ് മരിച്ചത്.  സംഭവത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച പടക്കശേഖരം  പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.  പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.

സംഭവത്തില്‍ സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. 11 മണിയോടെയായിരുന്നു സംഭവം. അതേസമയം തൃപ്പൂണിത്തുറയിൽ സ്ഫോടനമുണ്ടായ പടക്കപ്പുരയിൽ പടക്കങ്ങൾ സൂക്ഷിച്ചത് പോലീസിന്‍റെ നിർദ്ദേശം ലംഘിച്ചെന്നാണ് ലഭിക്കുന്ന വിവരം. വെടിക്കെട്ട് നടത്തരുതെന്ന പോലീസിന്‍റെ നിർദ്ദേശം ലംഘിച്ച് രഹസ്യമായാണ് പടക്കപ്പുരയിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. വലിയ അളവിൽ പടക്കങ്ങൾ ഇവിടെയുണ്ടായിരുന്നു. എൻഎസ്എസിന്‍റെ കരയോഗം ഷെഡ്ഡിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.