അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച മഞ്ഞക്കൊടിയുമായി അരൂരില്‍ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. അരൂരില്‍ ഇടത് യുവജന സംഘടനകള്‍ നടത്തിയ യൂത്ത് മാര്‍ച്ചിലാണ് സി.പി.എമ്മിന്റെ ചെങ്കൊടി മഞ്ഞനിറമായത്. സി.പി.എമ്മിന്റെ നിറംമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ പരിഹാസമാണ് ഉയരുന്നത്.
ഏതുവിധേനയും വോട്ട് നേടാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ചെങ്കൊടിക്ക് പകരം മഞ്ഞനിറമുള്ള തുണിയില്‍ അരിവാള്‍ ചുറ്റിക പതിച്ച കൊടികള്‍ ഉപയോഗിച്ചതാണ് വിവാദമായത്. വോട്ട് നേടാന്‍ ചെങ്കൊടി ഉപേക്ഷിക്കേണ്ടിവരുന്ന ഗതികേടിലാണ് സി.പി.എമ്മെന്നും വിമർശനം ഉയർന്നു.
ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് ചിഹ്നമുള്ള കൊടിയില്‍ ബഹുവര്‍ണം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്ന ദുര്‍ബല ന്യായീകരണവുമായി സി.പി.എം രംഗത്തെത്തി. ഇടത് യുവജന സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത മാര്‍ച്ചിലാണ് മഞ്ഞ നിറമുള്ള കൊടികള്‍ ഉപയോഗിച്ചത്. ഡി.വൈ.എഫ്.ഐ നേതാവ് എസ്.കെ സജീഷായിരുന്നു ജാഥ നയിച്ചത്. വിവിധ നിറങ്ങള്‍ ആലേഖനം ചെയ്ത കൊടി ഉപയോഗിച്ച് റാലി നടത്തുക മാത്രമാണുണ്ടായതെന്ന നേതൃത്വത്തിന്റെ വിശദീകരണവും പരിഹാസ്യമാവുകയാണ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സി.പി.എമ്മിന്റെ നിറംമാറ്റം സോഷ്യല്‍ മീഡിയയിലും പരിഹസിക്കപ്പെടുകയാണ്.