ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സ്വര്‍ണ്ണപ്പാളി ഇളക്കിയ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 20 വര്‍ഷം ഗ്യാരന്റിയുള്ള സ്വര്‍ണ്ണപ്പാളികള്‍ എന്തിനാണ് ഇളക്കിയത് എന്ന ചോദ്യമുയര്‍ത്തിയ അദ്ദേഹം, ഈ വിഷയം ഒരു വ്യക്തിയുടെ കൈയ്യില്‍ മാത്രം ഏല്‍പ്പിച്ചതിനെയും ചോദ്യം ചെയ്തു. ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വര്‍ണം തിരികെ വന്നപ്പോള്‍ ചെമ്പായി മാറിയെന്നും കാലിണക്ക് വകയില്ലാതെ കഴിഞ്ഞ ഉണ്ണിക്കൃഷ്ണന്‍ പോറ്റി എങ്ങനെ സമ്പന്നനായി എന്നും മുരളീധരന്‍ ചോദിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടതിയെ സമീപിക്കാന്‍ ധൈര്യം നല്‍കിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഷണത്തിന് പിന്നില്‍ ദേവസ്വം ബോര്‍ഡിന്റെ അറിവോടെയുള്ള പങ്കാളിത്തമുണ്ട് എന്നും അദ്ദേഹം ആരോപിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍, നിലവിലെ മന്ത്രി വി.എന്‍. വാസവന്‍, മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയും മുരളീധരന്‍ വിരല്‍ചൂണ്ടി. മൂന്നുപേര്‍ പ്രതിസ്ഥാനത്തുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും വി.എന്‍. വാസവനും സിനിമാകഥകളിലെ കഥാപാത്രങ്ങളിലെ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തില്‍ സി.പി.ഐ.ക്ക് അനക്കമില്ലാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ, സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.
ആചാരലംഘനവും അഴിമതിയും തുടര്‍ക്കഥയാവുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അയ്യപ്പ സംഗമത്തിന്റെ ബുദ്ധി വാസവന്റേതാണ്. ഭാവിയുടെ ദോഷമുണ്ടാകാതിരിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമത്തിന്റെ ചിലവ് കോടതി ചോദിച്ചപ്പോഴാണ് 3 കോടി ബോര്‍ഡില്‍ നിന്നും നല്‍കിയത് പുറത്തായത്. 79 കോടി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ബാങ്കില്‍ നിന്നും ഒരു കോടി കൊടുത്തതിനെക്കുറിച്ച് വാസവന്‍ വ്യക്തത നല്‍കണം. ദേവന്റെ സ്വത്ത് കട്ടാല്‍ ചിത്തഭ്രമം ബാധിക്കും എന്ന് പറഞ്ഞ മുരളീധരന്‍, സമരം കൂടുതല്‍ ശക്തമാക്കുമെന്നും ആറ് മാസം കഴിയുമ്പോള്‍ സി.പി.എം.-ന്റെ കഥ കഴിയുമെന്നും മുന്നറിയിപ്പ് നല്‍കി. ജനകീയ കോടതിയില്‍ വിചാരണ നടത്തി കള്ളന്‍മാരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.