പിഎം ശ്രീയിലൂടെ ബിജെപിയിലേയ്ക്കു ചായുന്ന സിപിഎം; നിലപാടിലെ ഇരട്ടത്താപ്പ് വ്യക്തം; നെടുങ്കന്‍ ന്യായീകരണങ്ങളുമായി എം വി ഗോവിന്ദനും ശിവന്‍കുട്ടിയും പാടുപെടുന്നു

Jaihind News Bureau
Friday, October 24, 2025

പിഎം ശ്രീ (PM SHRI) പദ്ധതിയില്‍ കേരളം ഒപ്പിട്ടതുമായി ബന്ധപ്പെട്ട് സിപിഐ ഉള്‍പ്പെടെ സിപിഎമ്മിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തിയെങ്കിലും, അത് നിലപാടുകളിലെ വൈരുധ്യം കൂടുതല്‍ വ്യക്തമാക്കുകയേ ചെയ്തുള്ളൂ. ‘സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍’ എന്ന പ്രയോഗത്തിലൂടെ പണത്തിന്റെ ആവശ്യം ഉയര്‍ത്തിപ്പിടിച്ച് മുന്‍ നിലപാടുകളെ പാടെ തള്ളിക്കളയുന്ന തത്വദീക്ഷയില്ലാത്ത സമീപനമാണ് ഇരു നേതാക്കളും സ്വീകരിച്ചിരിക്കുന്നത്.

‘അര്‍ഹതപ്പെട്ട പണം കിട്ടണം’ എന്ന ഗോവിന്ദന്റെ നിലപാട്: ഒരു വഞ്ചന

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ന്യായീകരണം ശ്രദ്ധേയമാണ്. ‘8000 കോടി രൂപ കേന്ദ്രം കേരളത്തിന് തരാനുണ്ട്. നമുക്ക് അര്‍ഹതപ്പെട്ട പണം കേരളത്തിന് കിട്ടുക തന്നെ വേണം,’ എന്നദ്ദേഹം പറയുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടത്, നേരത്തെ ഈ പദ്ധതിയെയും ഇതിനടിസ്ഥാനമായ ദേശീയ വിദ്യാഭ്യാസ നയത്തെയും (NEP) കേരളം എതിര്‍ത്തത് ഈ ‘അര്‍ഹതപ്പെട്ട പണം’ ലഭിക്കാതിരിക്കുമെന്നറിഞ്ഞുകൊണ്ട് തന്നെയാണ്. അന്ന് പണമല്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ ഫെഡറല്‍ സ്വഭാവം, വര്‍ഗീയവല്‍ക്കരണം, കച്ചവടവല്‍ക്കരണം തുടങ്ങിയ പ്രത്യയശാസ്ത്രപരമായ വിഷയങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്.

ഗോവിന്ദന്റെ മറ്റൊരു പ്രസ്താവന, ‘എല്‍ഡിഎഫ് നയം നടപ്പാക്കുന്ന സര്‍ക്കാരല്ല ഇത്’ എന്നും ‘സര്‍ക്കാരിന് പരിമിതിയുണ്ട്. ഇടതുമുന്നണിയുടെ എല്ലാ നയവും നടപ്പാക്കുകയല്ല സര്‍ക്കാര്‍ ചെയ്യുന്നത്’ എന്നതുമാണ്. ഇത് തികച്ചും വിചിത്രമായ വാദമാണ്. ഒരു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍, അതതു മുന്നണിയുടെ പ്രഖ്യാപിത നയങ്ങളെയും തത്വങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കണമല്ലോ ഭരണം നടത്തേണ്ടത്. അല്ലാത്തപക്ഷം, ജനങ്ങളോട് എന്ത് വിശ്വാസ്യതയാണ് സര്‍ക്കാരിന് ഉണ്ടാകുക? ഇത് ഇടതുമുന്നണിയുടെ പ്രഖ്യാപിത നയങ്ങളെത്തന്നെ തള്ളിപ്പറയുന്നതിന് തുല്യമാണ്. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ എടുത്ത ഈ ഏകപക്ഷീയ തീരുമാനത്തെ ന്യായീകരിക്കാന്‍ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത് മുന്നണി സംവിധാനത്തോടുള്ള അവഹേളനമാണ്.

ശിവന്‍കുട്ടിയുടെ ന്യായീകരണം ‘തന്ത്രപരം’: ഒഴിഞ്ഞുമാറാനുള്ള ശ്രമം

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ന്യായീകരണവും സമാനമായ രീതിയില്‍ ദുര്‍ബലമാണ്. ‘കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ ഒരു തീരുമാനമാണ് ഇത്,’ എന്ന് അദ്ദേഹം പറയുന്നു. കൂടാതെ, ‘നമ്മുടെ കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടുത്താനും തയ്യാറല്ല’ എന്നും ‘ആയിരത്തി നാന്നൂറ് കോടിയിലധികം രൂപ വേണ്ടെന്ന് വെച്ച് നമ്മുടെ കുട്ടികളെ പ്രതിസന്ധിയിലാക്കാന്‍ ഈ സര്‍ക്കാരിന് സാധ്യമല്ല’ എന്നും അദ്ദേഹം വിശദീകരിക്കുന്നു.പണം വാങ്ങിയ ശേഷം പദ്ധതിയുടെ മറ്റു നിബന്ധനകളെ ഇഷ്ടമനുസരിച്ച് മാറ്റാമെന്ന മണ്ടന്‍ ന്യായീകരണം കൊ്ണ്ട് മന്ത്രി സ്വയം വിഢ്ഢിയാവുകയാണ്.

ഇവിടെ ചോദ്യം ഇതാണ്: ഏതൊരു നയത്തിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നത് അതിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കണം. പണത്തിന്റെ പേരില്‍ അടിസ്ഥാനപരമായ നയങ്ങളെയും തത്വങ്ങളെയും ബലികഴിക്കുന്നത് എന്ത് തന്ത്രമാണ്? ഇത് ‘നയം മാറ്റം എന്ന നിലയില്‍ വ്യാഖ്യാനിക്കേണ്ടതില്ല’ എന്ന് പറയുമ്പോള്‍, ജനങ്ങളെയും പാര്‍ട്ടി അണികളെയും വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്. തടഞ്ഞുവെച്ച ഫണ്ട് വാങ്ങാന്‍ വേണ്ടി, നേരത്തെ അതിശക്തമായി എതിര്‍ത്ത ഒരു പദ്ധതിയില്‍ പങ്കുചേരുന്നത് ‘നയപരമായ ഒത്തുതീര്‍പ്പ്’ എന്നതിലുപരി ‘തത്വദീക്ഷയില്ലാത്ത കീഴടങ്ങല്‍’ ആയി മാത്രമേ കാണാന്‍ കഴിയൂ.

പ്രതിച്ഛായ നഷ്ടപ്പെടുന്ന സിപിഎം

മുഹമ്മദ് റിയാസ് 2020-ല്‍ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഉന്നയിച്ച പതിനഞ്ചോളം വിമര്‍ശനങ്ങള്‍ ഇപ്പോഴും പ്രസക്തമായി നില്‍ക്കുമ്പോള്‍, ഈ വിശദീകരണങ്ങള്‍ക്കെല്ലാം എന്ത് പ്രസക്തിയാണുള്ളത്? മതനിരപേക്ഷത, ഫെഡറലിസം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് പറയുമ്പോഴും, ആദര്‍ശപരമായ നിലപാടുകളെ പണത്തിന് വേണ്ടി അടിയറവ് വെക്കുന്ന സമീപനം പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് വലിയ കോട്ടമുണ്ടാക്കും.

ഫേസ്ബുക്കിലെ കമന്റുകള്‍ ഈ ജനരോഷത്തിന്റെ പ്രതിഫലനമാണ്: ‘നാല് കാശിന് വേണ്ടി ഒറ്റി കൊടുക്കുന്ന യൂദാസുകള്‍ കമ്മ്യൂണിസ്റ്റുകള്‍…’, ‘എസ്എഫ്ഐ എന്നൊരു വിദ്യാര്‍ത്ഥി സംഘടനയുണ്ടായിരുന്നു ഇവിടെ അവരും ഇരട്ട ചങ്കന്റെ മുന്നില്‍ മിണ്ടാപ്രാണികളാണെന്ന് തെളിഞ്ഞു.’ തുടങ്ങിയ പ്രതികരണങ്ങള്‍ മുഖ്യമന്ത്രിയിലും . പാര്‍ട്ടിയുടെ തത്വങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു.

സിപിഐയുമായി ചര്‍ച്ച നടത്തുമെന്നും ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുമെന്നും പറയുമ്പോള്‍ അത് അത്ര സുഗമമാകാനിടയില്ല. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ സിപിഎം സ്വന്തം ഇഷ്ടപ്രകാരം ഒരു തീരുമാനം എടുക്കുകയും പിന്നീട് ഘടകകക്ഷികളുടെ പ്രതിഷേധം വരുമ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുകയും ചെയ്യുന്നത് ശരിയായ ജനാധിപത്യ രീതിയല്ല. ഘടകകക്ഷികളെ ഇരുട്ടിലാക്കി എന്ന ആക്ഷേപം ഇപ്പോള്‍ തന്നെ പ്രബലമാണ്.

മറ്റൊരു നയം മാറ്റം എന്ന നിലയില്‍ ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്ന് പറയുമ്പോഴും, സിപിഎം തങ്ങളുടെ പഴയ നിലപാടുകളെ പൂര്‍ണ്ണമായും ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അതേ നയത്തിലേക്ക് മാറിക്കഴിഞ്ഞുവെന്ന് തന്നെയാണ് ഈ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. പണത്തിന് വേണ്ടി നിലപാടുകളെ അടിയറവ് വെക്കുമ്പോള്‍, കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തില്‍ അര്‍പ്പിച്ച വിശ്വാസത്തിന് വലിയ കോട്ടമാണ് സംഭവിക്കുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല.