‘യുഡിഎഫില്‍ ഭിന്നതയുണ്ടെന്ന് വരുത്താന്‍ സിപിഎം നടത്തിയ നീക്കം ബൂമറാംഗായി’: വി.ഡിസതീശൻ

Tuesday, December 13, 2022

 

‌തിരുവനന്തപുരം: ഗവർണർ വിഷയത്തിൽ കോൺഗ്രസും ലീഗും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാൻ സിപിഎം ശ്രമിച്ചത് അവർക്കുതന്നെ ബൂമറാംഗായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യുഡിഎഫിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചപ്പോൾ എൽഡിഎഫിലാണ് ഭിന്നത ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനായിരുന്നു സിപിഎം ശ്രമിച്ചത്. എന്നാല്‍ അത് ബൂമറാംഗായി ഇടതുമുന്നണിയിലാണ് കലാപമുണ്ടാക്കിയത്. അവസാനം മുന്നണിയിലെ പ്രശ്നം പരിഹരിക്കാൻ എൽഡിഎഫ് യോഗം വിളിക്കേണ്ട സ്ഥിതിയുണ്ടായി. കോൺഗ്രസിനേയും ലീഗിനേയും ഭിന്നിപ്പിക്കാനാണ് എം.വി ഗോവിന്ദൻ ശ്രമിച്ചത്.

ലീഗ് യുഡിഎഫിന്‍റെ അഭിവാജ്യഘടകമാണെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിൽ എല്ലാം ചർച്ച ചെയ്താണ് തീരുമാനിക്കുന്നത്. ചർച്ചകളെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ബില്ലിൽ ഭേദഗതികൾ നിർദേശിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്നു മാറ്റുന്നതിൽ പ്രതിപക്ഷത്തിന് എതിർപ്പില്ല. ചാൻസലർ നിയമനത്തിലെ നടപടിക്രമങ്ങളെയാണ് എതിർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.