തിരുവനന്തപുരം: പുരോഗമനത്തിന്റെയും നവോത്ഥാനത്തിന്റെയും മുഖംമൂടിയണിഞ്ഞ് കേരളീയ സമൂഹത്തെ വഞ്ചിക്കുന്ന സിപിഎമ്മിന്റെ സ്ത്രീവിരുദ്ധത കുപ്രസിദ്ധമാണ്. ഈ മുഖം ഒരിക്കല്‍ കൂടി തുറന്നുകാട്ടപ്പെടുകയാണ്. സ്വന്തം നേതാക്കള്‍ക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉയരുമ്പോള്‍, ഇരകള്‍ക്ക് നീതി നല്‍കുന്നതിന് പകരം വേട്ടക്കാരെ സംരക്ഷിക്കുന്ന ലജ്ജാകരമായ നിലപാടാണ് പിണറായി വിജയന്റെ പാര്‍ട്ടി സ്വീകരിക്കുന്നത്. പാര്‍ട്ടി കോടതികളില്‍ വിചാരണ നടത്തി പ്രതികളെ വെള്ളപൂശുന്ന സിപിഎം, രാജ്യത്തെ നിയമവ്യവസ്ഥയെയും ഭരണഘടനയെയും പരസ്യമായി വെല്ലുവിളിക്കുകയാണ്. പക്ഷേ സ്വന്തം നെഞ്ചിലേയ്ക്കു ചൂണ്ടുന്ന വിരലുകളെ മറന്നുകൊണ്ടാണ് ഇപ്പോള്‍ കമ്യൂണിസ്റ്റ് അനുഭാവികളും നേതാക്കളും വാചകമടിക്കുന്നത്.
ആരോപണവിധേയര്‍ക്ക് പാര്‍ട്ടി തണല്‍: ലജ്ജിപ്പിക്കുന്ന ഉദാഹരണങ്ങള്‍
ഗോപി കോട്ടമുറിക്കലും എറണാകുളത്തെ നാണംകെട്ട ചരിത്രവും
സിപിഎമ്മിന്റെ സ്ത്രീവിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെതിരായ സംഭവം. സഹപ്രവര്‍ത്തകയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെയും അപമര്യാദയായി പെരുമാറുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും, ഈ ക്രിമിനല്‍ കുറ്റത്തിന് പോലീസില്‍ പരാതി നല്കാന് പാര്‍ട്ടി തയ്യാറായില്ല. പകരം, പാര്‍ട്ടി കമ്മീഷനെ വെച്ച് അന്വേഷണം എന്ന് പ്രഹസനം നടത്തുകയും, കോട്ടമുറിക്കലിനെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയും ചെയ്തു. എന്നാല്‍, കാലക്രമേണ ഇതേ നേതാവിനെ പാര്‍ട്ടി പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് തിരിച്ചുകൊണ്ടുവന്നത്, എന്ത് ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണെന്ന് സിപിഎം നേതൃത്വം ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇത് ഇരയോടുള്ള കൊഞ്ഞനംകുത്തലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമായിരുന്നു.
എം. മുകേഷ്: ജനപ്രതിനിധിയുടെ ധാര്‍ഷ്ട്യം:
‘മീ ടൂ’ കാമ്പെയ്നിലൂടെ ലോകം മുഴുവന്‍ സ്ത്രീകള്‍ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍, അതിലൊരു ആരോപണം ഉയര്‍ന്നത് കൊല്ലത്തെ സിപിഎം എംഎല്‍എയും നടനുമായ എം. മുകേഷിനെതിരെയായിരുന്നു. 19 വര്‍ഷം മുന്‍പ് തന്നോട് മോശമായി പെരുമാറി എന്ന ഒരു വനിതാ പ്രൊഫഷണലിന്റെ വെളിപ്പെടുത്തലിനെ പുച്ഛിച്ചുതള്ളിയ മുകേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഒരു ജനപ്രതിനിധിക്കെതിരെ പൊലീസ് കേസെടുത്തു, എന്നിട്ടും ഗുരുതരമായ ആരോപണത്തില്‍ അന്വേഷണം നടത്താനോ, കുറഞ്ഞപക്ഷം വിശദീകരണം തേടാനോ പോലും പാര്‍ട്ടി തയ്യാറായില്ല. അയാളെ ജനപ്രതിനിധിയായി തുടരാനും അനുവദിച്ചു. ഇത് സൂചിപ്പിക്കുന്നത്, അധികാരം കയ്യിലുണ്ടെങ്കില്‍ എന്ത് അധാര്‍മ്മികതയും ആവാം എന്ന സിപിഎമ്മിന്റെ ധാര്‍ഷ്ട്യമാണ്.
പി.കെ. ശശി: ‘തീവ്രത കുറഞ്ഞ’ പീഢനത്തിന്റെ പാര്‍ട്ടി ന്യായം:
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എയായിരുന്ന പി.കെ. ശശിക്കെതിരെ പാര്‍ട്ടി കണ്ടെത്തിയ ന്യായം കേരളം കേട്ട് ചിരിച്ചതാണ്, നാണക്കേടുകൊണ്ട് തലകുനിച്ചതാണ്. ‘തീവ്രത കുറഞ്ഞ പീഢനം’. ലൈംഗികാതിക്രമത്തെ തീവ്രതയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്ന സിപിഎമ്മിന്റെ സ്ത്രീവിരുദ്ധ നിഘണ്ടു കേരളത്തിന് അപമാനമാണ്. ഗൗരവമേറിയ പരാതിയെ കേവലം സസ്പെന്‍ഷനില്‍ ഒതുക്കി, പിന്നീട് ശശിയെ പാര്‍ട്ടിയില്‍ സംരക്ഷിച്ചതിലൂടെ, ഇരയ്ക്കൊപ്പമല്ല, വേട്ടക്കാരനൊപ്പമാണെന്ന് സിപിഎം വീണ്ടും തെളിയിച്ചു.
പി. ശശി: ആരോപണവിധേയന്റെ പുനരധിവാസം മുഖ്യമന്ത്രിയുടെ ഓഫീസില്‍:
ലൈംഗികാരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പി. ശശിയെ തിരിച്ചെടുക്കുക മാത്രമല്ല, കേരളത്തിന്റെ ഭരണനേതൃത്വമായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തത് പിണറായി സര്‍ക്കാരിന്റെ അധാര്‍മിക സമീപനത്തിന്റെ ഏറ്റവും വലിയ തെളിവാണ്. ഇതിലൂടെ എന്ത് സന്ദേശമാണ് സിപിഎം കേരളത്തിലെ സ്ത്രീകള്‍ക്ക് നല്‍കുന്നത്? പാര്‍ട്ടിക്ക് വേണ്ടി എന്തും ചെയ്യുന്നവരെ എന്ത് ആരോപണം നേരിട്ടാലും സംരക്ഷിക്കുമെന്നാണോ?
അക്രമത്തിന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയം: എസ്എഫ്ഐയുടെ ഗുണ്ടാസംസ്കാരം
മാതൃസംഘടനയായ സിപിഎമ്മില്‍ നിന്ന് വ്യത്യസ്തമല്ല വളര്‍ന്നുവരുന്ന കുട്ടിസഖാക്കളുമെന്ന് തെളിയിക്കുകയാണ് ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍. വനിതാ പ്രവര്‍ത്തകയെ സഹപ്രവര്‍ത്തകരായ കുട്ടി നേതാക്കള്‍ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കേരളത്തെ ഞെട്ടിച്ചതാണ്. മുതിര്‍ന്ന നേതാക്കള്‍ കാണിക്കുന്ന അതേ ധാര്‍ഷ്ട്യവും അക്രമരാഷ്ട്രീയവുമാണ് യുവനേതാക്കളും പിന്തുടരുന്നത്. സ്ത്രീകളെ ബഹുമാനിക്കുന്നതിന് പകരം ശാരീരികമായി ആക്രമിക്കുന്ന ഈ ഗുണ്ടാസംസ്കാരം സിപിഎമ്മിന്റെ രാഷ്ട്രീയഗുണ്ടായിസത്തിന്്റെ നേര്‍ക്കാഴ്ചയാണ്.പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിക്ക് പോലും സുരക്ഷ നല്കാന് കഴിയാത്ത ഈ സംഘടന എങ്ങനെയാണ് സംസ്ഥാനത്തെ വിദ്യാര്‍ത്ഥിനികളുടെ സുരക്ഷ ഉറപ്പാക്കുക?
ഇങ്ങനെ ചോദിക്കാന്‍ ഒട്ടേറെയുണ്ട് ചോദ്യങ്ങള്‍. ഇടതുമുന്നണി സര്‍ക്കാരും സിപിഎമ്മും മറുപടി പറയേണ്ട പ്രസക്തമായ ഒട്ടേറെ ചോദ്യങ്ങളുണ്ട്. സ്ത്രീപീഡന പരാതികള്‍ എന്തുകൊണ്ടാണ് ക്രിമിനല്‍ നിയമപ്രകാരം പോലീസിന് കൈമാറാതെ പാര്‍ട്ടി കോടതികളില്‍ ഒതുക്കിത്തീര്‍ക്കുന്നത്? ഇത് നഗ്നമായ നിയമലംഘനമല്ലേ? മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെതിരായ പരാതികളില്‍ എന്തുകൊണ്ടാണ് നിഷ്ക്രിയമാകുന്നത്? നിയമം എല്ലാവര്ക്കും ഒരുപോലെയല്ലേ? തുടര്‍ച്ചയായി ആരോപണവിധേയരാകുന്നവരെ തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കുകയും ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുകയും ചെയ്യുന്നതിലൂടെ സിപിഎം എന്ത് ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്?
സ്ത്രീ സുരക്ഷയെയും നവോത്ഥാനത്തെയും കുറിച്ച് വാചാലരാകുന്ന സിപിഎം, സ്വന്തം നേതാക്കളുടെ ലൈംഗികാതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത് കേരളത്തിലെ സ്ത്രീ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണ്. ഈ കാപട്യവും ഇരട്ടത്താപ്പും കേരളത്തിലെ ജനാധിപത്യ സമൂഹം തിരിച്ചറിയണമെന്നും, നിയമവാഴ്ച ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.