സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ്: വരദരാജനെ പുറത്താക്കി, മുകേഷിന് സംരക്ഷണം നല്‍കി

Jaihind News Bureau
Tuesday, February 4, 2025

തമിഴ്‌നാട്ടിൽ സി.പി.എം. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ പങ്ക് വഹിച്ച ട്രേഡ് യൂണിയൻ നേതാവും മുൻ കേന്ദ്ര കമ്മറ്റി അംഗവുമായിരുന്ന ഡബ്ല്യൂ ആർ വരദരാജനെ ഒരു എസ്‌എം‌എസ് വിവാദം മൂലം പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവം ഒരു വശത്ത് നില്‍ക്കുന്നു. എന്നാൽ, ഇന്ന് ബലാത്സംഗക്കേസിൽ പ്രതിയായ എം.എൽ.എ മുകേഷിന് സിപിഎം നൽകുന്ന സംരക്ഷണവും പാർട്ടിയുടെ നിലപാടുകളും മറുവശത്ത്.  ഇതില്‍ നിന്ന് തന്നെ പാർട്ടിയുടെ പാരസ്പര്യത്തെ തുറന്നുകാട്ടുകയാണ്.

2010ൽ ഒരു യുവതിയ്ക്ക് മോശം മെസ്സേജുകൾ അയച്ചതിന്‍റെ പേരിൽ വരദരാജനെതിരെ പരാതി ഉയർന്നപ്പോൾ, പാർട്ടി അതിനെ അതീവ ഗൗരവത്തോടെയാണ് കണ്ടത്. വിഷയത്തിൽ അന്വേഷണം നടത്തി, അദ്ദേഹത്തെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി. പാർട്ടി വിശദീകരണം പോലും ചോദിക്കാതെ നടപടിയെടുത്തതിൽ അമ്പരന്ന വരദരാജൻ പിന്നീട് ആത്മഹത്യ ചെയ്തു. ചെന്നൈയ്ക്കടുത്ത് പൊറൂർ തടാകത്തിൽ ചാടിയുള്ള ആത്മഹത്യ രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇത് വളരെ പഴയ കഥയാണ്. എന്നാല്‍, ഇന്നിവിടെ സംഭവിക്കുന്നത് അതിലുമധികം വിവാദങ്ങൾ നിറഞ്ഞതാണ്. ആലുവ സ്വദേശിയായ ഒരു നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തും അമ്മയിൽ അംഗത്വം ഉറപ്പുനൽകിയുമാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. അന്വേഷണസംഘം ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നിരൂപിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടും സിപിഎം മുകേഷിന് സുരക്ഷാ കവചം ഒരുക്കുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കോടതി വിധി വരുംവരെ എം.എൽ.എ സ്ഥാനത്ത് തുടരാമെന്ന നിലപാട് എടുത്തപ്പോൾ, സി.പി.എം വനിതാ നേതാക്കളും അതിന് പിന്തുണ നൽകി. പാർട്ടിയുടെ മുൻനിര നേതാവ് ബൃന്ദ കാരാട്ട്, കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചില്ലെന്ന ന്യായം ഉന്നയിച്ച് സിപിഎമ്മിന്‍റെ പ്രതിരോധം തീർക്കേണ്ടതില്ലെന്ന് തുറന്നുപറഞ്ഞു. സിപിഐ ദേശീയ നേതാവ് ആനിരാജയും മുകേഷ് രാജിവെക്കണമെന്നും അഭിപ്രായപ്പെട്ടു. ഒരു എസ്‌എം‌എസിന്‍റെ പേരിൽ പാർട്ടി നിലപാട് കടുപ്പിച്ച് ഒരാളെ മരണത്തിന് വിട്ടുകൊടുത്ത അതേ പാർട്ടി, ബലാത്സംഗക്കേസിലെ പ്രതിക്ക് സംരക്ഷണം നൽകാൻ  തയ്യാറാകുന്നതിന്‍റെ മാനദണ്ഡം പല തലങ്ങളിലും ചർച്ചയാവുകയാണ്. നിയമപരമായ നടപടി എന്തായാലും നടക്കും, പക്ഷേ പാർട്ടി ഇതിൽ എവിടെയാണ് എന്ന ചോദ്യത്തിന് ഉത്തരമാണ് ഇനി ലഭിക്കാനുള്ളത്. അതിന് സമയമെടുക്കും.