‘സിപിഎം കേരളത്തില്‍ മോദിക്ക് വേണ്ടി ജോലി ചെയ്യുന്നു’; രാഹുല്‍ ഗാന്ധിക്കെതിരായ വ്യാജ പ്രചാരണത്തിനെതിരെ ടി. സിദ്ദിഖ്

Tuesday, January 23, 2024

 

വയനാട്: എംപി ഫണ്ട് വിനിയോഗം സംബന്ധിച്ച് രാഹുൽ ഗാന്ധിക്കെതിരായ സിപിഎം വ്യാജ പ്രചാരണത്തില്‍ രൂക്ഷ പ്രതികരണവുമായി കല്പറ്റ എംഎൽഎ ടി. സിദ്ദിഖ്. കേരളത്തിൽ മോദിക്ക് വേണ്ടി ജോലിചെയ്യുകയാണ് സിപിഎമ്മെന്നും ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസും യുഡിഎഫും തീരുമാനിച്ചിട്ടുണ്ടെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുഖിപ്പിക്കാൻ സിപിഎം ഗൂഢാലോചന നടത്തി രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വാർത്ത സൃഷ്ടിക്കുകയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ടി. സിദ്ദിഖ് എംഎല്‍എ കുറ്റപ്പെടുത്തി. കേരളത്തിൽ വ്യാജ വാർത്ത നൽകി രാഹുൽ ഗാന്ധിയെ അപമാനിക്കുകയും നരേന്ദ്ര മോദിയുടെ ഉപകരണമായി സിപിഎമ്മിനെ വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ ഉപയോഗിക്കുകയാണെന്നും ടി.സിദ്ദിഖ് ആരോപിച്ചു.

എംപി ഫണ്ട് വിനിയോഗത്തിൽ മോദിയുടെ റേറ്റിംഗ് 121 ശതമാനമാണങ്കിൽ രാഹുൽ ഗാഡിയുടെ എംപി ഫണ്ട് വിനിയോഗ റേറ്റിംഗ് 123 ശതമാനമാണന്നും ഇത് സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണന്നും ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടി. സിദ്ദിഖ് എംഎല്‍എ.

രാഹുല്‍ ഗാന്ധിക്കെതിരെ സിപിഎം ഇന്നു രാവിലെ മുതല്‍ വ്യാപക നുണ പ്രചാരണമാണ് അഴിച്ചുവിട്ടത്. ഇതുവരെ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ ചെലവഴിച്ച തുക 17.21 കോടി രൂപയാണ്. എന്നാല്‍ ഇതു മറച്ചുവെച്ച്  4.93 കോടി മാത്രമാണ് ചെലവഴിച്ചതെന്ന രീതിയിലാണ് സിപിഎം വ്യാജ പ്രചാരണം നടത്തിയത്. . 123.43-ശതമാനമാണ് രാഹുല്‍ ഗാന്ധിയുടെ ഫണ്ട് വിനിയോഗം. മോദി സര്‍ക്കാരും സംഘപരിവാറും ചേര്‍ന്ന നടത്തിയ ഗൂഢാലോചനയുടെ ഫലമായി 4 മാസവും 14 ദിവസവും അയോഗ്യനാക്കപ്പെട്ട് പുറത്ത് നില്‍ക്കേണ്ടി വന്നിട്ടു കൂടിയാണ് ഇത്രയും തുക അദ്ദേഹം ചെലവഴിച്ചത്. അതേസമയം സിപിഎമ്മിന്‍റെ ഏക എംപി ആരിഫ് ചെലവഴിച്ചതാകട്ടെ 91% ഫണ്ട് മാത്രമാണ്.