അക്രമം തുടർന്ന് സി.പി.എം ; കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ വീട് അടിച്ചുതകർത്തു

Jaihind News Bureau
Sunday, December 20, 2020

 

കണ്ണൂരിൽ വീണ്ടും സി.പി.എം അക്രമം. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് രാജീവൻ കപ്പച്ചേരിയുടെ പട്ടുവത്തെ
വീടിനുനേരെ അക്രമം. വീടിന് തീയിട്ടു. വീട്ടുപകരണങ്ങൾ നശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സി.പി.എമ്മെന്ന് കോൺഗ്രസ്.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പട്ടുവം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച രാജീവൻ കപ്പച്ചേരിയുടെ പട്ടുവത്തെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ സി.പി.എം ക്രിമിനലുകൾ അക്രമം അഴിച്ചുവിട്ടത്. സോഫാ സെറ്റുകൾക്ക് തീയിടുകയും ജനൽ ചില്ലകൾ തകർക്കുകയും ചെയ്തു. വീടിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാജീവനും കുടുംബവും മറ്റൊരിടത്ത് മാറി താമസിക്കുകയാണ്. ഇതിനിടയിലായിരുന്നു അക്രമം. വീട്ടുപകരണങ്ങൾ പൂർണമായും അടിച്ച് തകർത്തു.

തെരഞ്ഞെടുപ്പ് കഴിഞ്ഞും ജില്ലയിൽ സി.പി.എം അക്രമം തുടരുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി രമാനന്ദ് തുടങ്ങിയവരും സംഭവസ്ഥലം സന്ദർശിച്ചു.