CPM ATTACK| ആരോഗ്യമന്ത്രിയോട് പരാതി പറയാനെത്തിയവരെ തടഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍; മര്‍ദ്ദിച്ചെന്ന് ജീവനക്കാര്‍

Jaihind News Bureau
Wednesday, August 13, 2025

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആരോഗ്യ മന്ത്രിക്ക് മുന്നില്‍ ശമ്പളാവകാശം ആവശ്യപ്പെട്ടെത്തിയ താല്‍ക്കാലിക ജീവനക്കാരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. ജീവനക്കാരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവും ഉണ്ടായി.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയ ആരോഗ്യ മന്ത്രി ചടങ്ങ് കഴിഞ്ഞിറങ്ങുന്ന വേളയിലായിരുന്നു സംഭവം. ശമ്പളം കിട്ടാത്തതിനാല്‍ വലയുന്ന 566 താല്‍ക്കാലിക ജീവനക്കാരാണ് മന്ത്രിയോട് പരാതി പറയാനെത്തിയത്. എന്നാല്‍ മന്ത്രിയുടെ അടുത്തേക്ക് പോകുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നാണ് ജീവനക്കാരുടെ ആരോപണം. ചിലരെ തള്ളിയും മര്‍ദ്ദിച്ചുമാണു തടഞ്ഞതെന്ന് ജീവനക്കാര്‍ പറയുന്നു.

കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെയും ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലും നിയമിച്ച സ്റ്റാഫ് നേഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്മാര്‍, ഡാറ്റ എന്‍ട്രി സ്റ്റാഫ്, സുരക്ഷാ ജീവനക്കാര്‍, ഇസിജി ടെക്‌നീഷ്യന്മാര്‍ എന്നിവര്‍ക്കാണ് ശമ്പളം കുടിശ്ശികയുള്ളത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. വിഷയം രാഷ്ട്രീയവിവാദമായി മാറുന്നതിനിടെ, കുടിശ്ശിക ശമ്പളം എപ്പോള്‍ ലഭിക്കുമെന്നാണ് ജീവനക്കാരുടെ ചോദ്യം.