പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സിപിഎം പ്രദേശിക നേതാവ് റിമാന്‍റിൽ

Wednesday, January 5, 2022

എറണാകുളം പുത്തൻകുരിശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രദേശിക സിപിഎം നേതാവ് റിമാന്‍റിൽ. സിപിഎം നിയന്ത്രണത്തിലുള്ള ഫിസിയോ തെറാപ്പി സെന്‍ററിൽ വെച്ചാണ് സിപിഎം പ്രദേശിക നേതാവ് കോടിയാട്ട് രഞ്ജു കുര്യാക്കോസ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

പുത്തൻകുരിശിൽ ഒന്നാം കൊവിഡ് കാലത്ത് ലോക്ക്ഡൗൺ നിയമങ്ങൾ കാറ്റിൽ പറത്തി സിപിഎം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയ ഫിസിയോതെറാപ്പി സെന്‍റിറിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഫിസിയോതെറാപ്പി ട്രീറ്റ്‌മെന്‍റ് നടത്തുന്നതിന് സെന്‍ററിൽ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് സിപിഎം പ്രാദേശിക നേതാവ് ആയ ഫിസിയോതെറാപ്പിസ്റ്റ് പീഡിപ്പിച്ചത്.

പെൺകുട്ടിയുടേയും കൂടെ വന്ന മാതാവിന്‍റെയും പരാതിയെ തുടർന്ന് പുത്തൻകുരിശ് പൊലീസ്‌ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയാണ് കുറ്റക്കാരനായ ഫിസിയോ തെറാപ്പിസ്റ്റും സിപിഎം പ്രദേശിക നേതാവും ആയ രഞ്ജു കുര്യാക്കോസിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.

അതേസമയം പീഡനം നടന്നത് പുറ‌ംലോകം അറിയാതിരിക്കാനും പ്രതിയെ രക്ഷിക്കാനും പൊലീസും സിപിഎം നേതൃത്വവും ഒത്തുകളി നടത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്. പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകാനാണെന്ന് പറഞ്ഞ് ആരംഭിച്ച കനിവിന്‍റെ മറവിൽ നടക്കുന്ന ഇത്തരം ഹീനമായ പ്രവർത്തികൾക്ക് സിപിഎം പ്രദേശിക നേതൃത്വം ചൂട്ടുപിടിക്കുകയാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

എന്നാൽ പീഡനക്കേസിൽ അറസ്റ്റിലായ പ്രതിക്കെതിരെ ഇതുവരെ പാർട്ടി ഒരു നടപടിയും കൈ കൊണ്ടിട്ടില്ല എന്നതും ശ്രദ്ദേയമാണ്. പ്രതിയെ സിപിഎം നേതൃത്വം സംരക്ഷിക്കുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.