കലാപ നീക്കവുമായി സിപിഎം; കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം; കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്, കണ്ണൂരില്‍ തീപ്പന്തമെറിഞ്ഞു

Jaihind Webdesk
Monday, June 13, 2022

കൊല്ലം : സംസ്ഥാനത്ത് കലാപത്തിന് ലക്ഷ്യമിട്ട് സിപിഎം. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ  വ്യാപക ആക്രമണമാണ് സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകള്‍ നടത്തുന്നത്. കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന് നേരെ അക്രമികള്‍ കല്ലെറിഞ്ഞു. കണ്ണൂർ ഇരിട്ടിയില്‍ കോണ്‍ഗ്രസ് പ്രവർത്തകർത്ത് നേരെ സിപിഎം തീപ്പന്തമെറിഞ്ഞു.

കെപിസിസി ആസ്ഥാനത്തിന് നേരെ സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. ഇന്ദിരാ ഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ ചില്ല് ആക്രമണത്തിൽ തകർന്നു. സിപിഎം – ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകരുടെ വലിയ സംഘമാണ് ഓഫീസിന് മുന്നിലെത്തിയതെന്ന് നേതാക്കൾ പറഞ്ഞു. കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ ആന്‍റണി ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. ഇന്ദിരാ ഭവന്‍റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയ സിപിഎം പ്രവർത്തകർ നേതാക്കളെ അസഭ്യം പറയുകയും കല്ലേറ് നടത്തുകയുമായിരുന്നു. കെപിസിസി ഓഫീസിന് മുന്നിൽ സ്ഥാപിച്ച നിരവധി ഫ്ലക്സുകൾ പ്രവർത്തകർ അടിച്ചുതകർത്തു.

ഇരിട്ടിയില്‍ പ്രകടനമായെത്തിയ സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ അക്രമിക്കുകയായിരുന്നു. പെട്രോളില്‍ മുക്കിയ തീപ്പന്തം വലിച്ചെറിയുകയായിരുന്നു. സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലം പന്മനയിലും പത്തനംതിട്ട അടൂരിലും കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം ഡിവൈഎഫ്ഐ ആക്രമണമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പന്മന മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിലേക്ക് ഡിവൈഎഫ്ഐ നടത്തിയ ആക്രമണത്തിൽ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ഇക്ബാലിന്‍റെ തലയ്ക്ക് സാരമായി പരിക്കേറ്റു. അടൂരിൽ യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. പാർട്ടി ഓഫീസ് തകർക്കുകയും ചെയ്തു.

തലശേരിയിലും കോൺഗ്രസ് ഓഫീസിന് നേരെ സിപിഎം ആക്രമണമുണ്ടായി. ഓഫീസിന്‍റെ ഫർണിച്ചറുകളും ജനൽ പാളി
കളും അടിച്ചു തകർത്തു. എൽ.എസ് പ്രഭു മന്ദിരത്തിനു നേരെയാണ് രാത്രി 7. 45 ഓടെ അക്രമം നടന്നത്. പ്രകടനമായി എത്തിയ സിപിഎം-ഡിവൈഎഫ്ഐ സംഘം ഓഫീസിന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. അമ്പതിനായിരം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു. അമ്പതോളം വരുന്ന സംഘം ഓഫീസിനു നേരെ കല്ലറും നടത്തി. ഓഫീസിന്‍റെ ബോർഡും അടിച്ചു തകർത്തു. സംഭവത്തിൽ തലശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

കോട്ടയത്ത് കുമാരനല്ലൂരിൽ കോൺഗ്രസിന്‍റെ സ്മാരകം തകർക്കാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. സ്മാരകം തകർക്കാൻ ഉള്ള ശ്രമത്തെ തുടർന്ന് പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.

കോഴിക്കോട് വിലങ്ങാട് കോൺഗ്രസ്‌ കൊടിമരം സിപിഎം പ്രവർത്തകർ നശിപ്പിച്ചു. പ്രധിരോധിച്ച നേതാക്കളെ മര്‍ദ്ദിച്ചു. പി.എസ് ശശി, പി ബാലകൃഷ്ണൻ, ബിജു അമ്പാട്ട് എന്നിവർക്ക് ആണ് മർദ്ദനം ഏറ്റത്.