‘കള്ളവോട്ട് ചെയ്യാൻ സിപിഎം എന്തു പണിയും ചെയ്യും; ചില ഉദ്യോഗസ്ഥർ കൂട്ടുനില്‍ക്കുന്നു’; കെ. സുധാകരന്‍

 

കണ്ണൂർ: കള്ളവോട്ട് ചെയ്യാൻ എന്തു പണിയും സിപിഎം ചെയ്യുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. പ്രായമുള്ള ആളുകളുടെ വോട്ടവകാശം നൂറു ശതമാനം സുരക്ഷിതമാക്കാനാണ് ഉദ്യോഗസ്ഥർക്ക് അങ്ങനൊരു നിയമം കൊടുത്തിരിക്കുന്നതെന്നും അത് സിപിഎം ചുളുവിൽ അടിച്ചെടുക്കുകയാണെന്നും കെ. സുധാകരൻ പറഞ്ഞു.

“കള്ളവോട്ട് ചെയ്താണ് സി പി എമ്മിന് ശീലം. അത് ചെയ്യാതിരിക്കാൻ അവർക്ക് പറ്റില്ല. കള്ളവോട്ടിന് എതിരെ യുഡിഎഫ് മുൻ കരുതൽ എടുക്കും. ഉദ്യോഗസ്ഥർ സിപിഎമ്മിനെ സഹായിക്കുന്നുണ്ട്. അതാണ് കള്ളവോട്ടിന് കാരണം” – കെ. സുധാകരൻ പറഞ്ഞു.

കാസറഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശേരിയിലാണ് കള്ളവോട്ട് നടന്നത്. 92 വയസുള്ള വൃദ്ധയുടെ വോട്ട് സിപിഎം പ്രാദേശിക നേതാവ് രേഖപ്പെടുത്തുകയായിരുന്നു. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്യാശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.

92 വയസുള്ള ദേവി വീട്ടില്‍ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്‍റുമായ ഗണേശന്‍ വോട്ടു ചെയ്യുകയായിരുന്നു. ഗണേശന്‍ വോട്ടു ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. സംഭവത്തില്‍ യുഡിഎഫ് പരാതി നല്‍കിയതിന് പിന്നാലെ നാലു പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ നടപടിയെടുത്തു.

Comments (0)
Add Comment