പിവി അൻവറിന് സിപിഎമ്മിന്‍റെ താക്കീത്; സിപിഐക്കെതിരായ വിവാദ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് നിര്‍ദ്ദേശം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പൊന്നാനി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിവി അൻവറും സിപിഐ ജില്ലാ ഘടകവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇടപെട്ട് സിപിഎം. സിപിഐക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് സിപിഎം അൻവറിനെ താക്കീത് ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഐയെ വിമർശിക്കുന്നത് പതിവാക്കിയിരിക്കുകയായിരുന്നു പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായ പിവി അൻവർ. മുന്നണി മര്യാദകളെ ബാധിക്കുന്ന തരത്തിൽ പരാമർശങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി തുറന്നതോടെയാണ് വിവാദ പരാമർശങ്ങൾ ആവർത്തിച്ചാൽ ഇനി നോക്കിയിരിക്കാനാവില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ നേതൃത്വം അൻവറിനെ അറിയിച്ചത്.

സിപിഐ നേതാക്കൾ എക്കാലവും തന്നെ ദ്രോഹിക്കുകയാണ് ചെയ്തിട്ടുള്ളതെന്നായിരുന്നു പി.വി. അൻവറിൻറെ വിവാദ പരാമർശം. വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ പി.പി.സുനീർ ലീഗിലേക്ക് ചേക്കാറാനുള്ള ശ്രമത്തിലാണെന്നും അൻവർ ആരോപിച്ചിരുന്നു. സിപിഐ നേതാക്കളിൽ ഇത് വലിയ അതൃപ്തിക്ക് ഇടയാക്കി. ജില്ലയിലുടനീളം എഐവൈഎഫ് പ്രവർത്തകർ അൻവറിൻറെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഇടപെടലുണ്ടായത്.

പി വി അൻവർ എം എൽ എ യെ തള്ളി സി പി എം. സി പി ഐ ക്കെതിരായ പിവി അൻവറിന്‍റെ പ്രസ്താവന മുന്നണി മര്യാദ ലംഘിക്കുന്നതെന്ന് സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. ഇത്തരം പ്രസ്താവനകളോട് സി പി എമ്മിന് യോജിപ്പില്ല. മേലിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകരുതെന്ന് അൻവറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോഹൻദാസ് മലപ്പുറത്ത് പറഞ്ഞു.

cpmPV AnwarCPI
Comments (0)
Add Comment