സിപിഎം എംഎല്‍എയുടെ സ്വാധീനത്തില്‍ ഹോട്ടല്‍ ജീവനക്കാരന് മര്‍ദ്ദനം; പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒത്തുകളിച്ച് പൊലീസും

Jaihind Webdesk
Saturday, December 15, 2018

സിപിഎം എംഎല്‍എയുടെ സ്വാധീനത്തില്‍ ഹോട്ടല്‍ ജീവനക്കാരന് മര്‍ദ്ദനം.  ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒത്തുകളിച്ച് പൊലീസും.  നെയ്യാറ്റിന്‍കര എംഎല്‍എയുടെ പിഎയുടെ സഹോദരനും മകനും ചേര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമായി.

സൗജന്യമായി ചപ്പാത്തി നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു കടയില്‍ കയറി അക്രമം നടത്തിയത്. അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കി മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണ്.

https://youtu.be/AT4t8AphHfI

ബാലരാമപുരത്തിന് സമീപം വഴിമുക്കില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.  നെയ്യാറ്റിന്‍കര എം.എല്‍.എ കെ.എ.ആന്‍സലന്‍റെ പി.എയുടെ സഹോദരനും സി.പി.എം പ്രവര്‍ത്തകനുമായ റൗഫും അദ്ദേഹത്തിന്‍റെ മകനും ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിക്കുന്നതായാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

ചപ്പാത്തിക്കടയിലെ ജീവനക്കാരനെയാണ് ഇവര്‍ ക്രൂരമായി തല്ലുന്നത്. സംഭവത്തിന്‍റെ തലേദിവസം ഇവര്‍ 85 ചപ്പാത്തി വാങ്ങിയപ്പോള്‍ അഞ്ച് ചപ്പാത്തി സൗജന്യമായി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് നല്‍കിയില്ല എന്ന കാരണം  പറഞ്ഞാണ് തൊട്ടടുത്ത ദിവസം എത്തി ജീവനക്കാരനെ ആക്രമിച്ചത്. വ്യാഴാഴ്ച തന്നെ ബാലരാമപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തതല്ലാതെ എം.എല്‍.എയുടെ പി.എയുടെ സഹോദരനെ അറസ്റ്റ് ചെയ്യാന്‍ തയാറായിട്ടില്ല.

ഇതോടെ ഇനിയും പരാതി പറയാന്‍ ഭയന്ന് ബാലരാമപുരത്തെ ജോലി മതിയാക്കി സ്വന്തം നാടായ മലപ്പുറത്തേക്ക് മടങ്ങാനൊരുങ്ങുകയാണ് മര്‍ദനമേറ്റ യുവാവ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൊലീസുകാരെ തല്ലിയെ കേസില്‍ അറസ്റ്റിലായതും ആന്‍സലന്‍ എംഎല്‍എയുടെ ഇതേ പി.എയുടെ സഹോദരന്‍റെ മകനായിരുന്നു.