പാലത്തായി പീഡനക്കേസിലെ പ്രതിയായ ബി.ജെ.പി നേതാവിനെ രക്ഷിക്കാന്‍ സി.പി.എം ശ്രമം : കെ മുരളീധരന്‍ എം.പി

Jaihind News Bureau
Wednesday, September 2, 2020

കണ്ണൂർ : പാലത്തായി പീഡന കേസിൽ പ്രതിയായ ബി.ജെ.പി നേതാവായ അധ്യാപകനെ രക്ഷിക്കാൻ സി.പി.എം ശ്രമിക്കുന്നതായി കെ മുരളീധരൻ എം.പി. സ്വന്തം നിയോജക മണ്ഡലത്തിലെ പെൺകുട്ടിയുടെ മാനം കാക്കാൻ കഴിയാത്ത കെ.കെ ഷൈലജ രാജിവെക്കുന്നതാണ് നല്ലതെന്നും കെ മുരളിധരൻ എം.പി പറഞ്ഞു. പാലത്തായി പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുന്നെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂരിൽ സംഘടിപ്പിച്ച  സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ മുരളീധരൻ.

പാലത്തായി പീഡന കേസ് തുടക്കം മുതലേ അട്ടിമറിക്കാനാണ് പൊലീസ് ശ്രമിച്ചത്. ഐ.ജി ശ്രീജിത്തിന്‍റെ ടെലിഫോൺ സംഭാഷണം പുറത്ത് വിട്ടതിൽ ദുരൂഹത ഉണ്ട്. പാലത്തായിൽ ക്രൂരമായ പീഡനത്തിനിരയായ പെൺകുട്ടിക്ക് മാനസികനില ശരിയല്ലെന്ന് വരുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയും ഇതിന് കൂട്ടുനിൽക്കുന്നതായി കെ മുരളീധരൻ എം.പി പറഞ്ഞു.

മനോനില തെറ്റിയ ഒരാൾ കേരളത്തിലെ മുഖ്യമന്ത്രിയാണ്. സംഘികൾക്ക് കൂട്ടുനിൽക്കുകയാണ് കേരളത്തിലെ സി.പി.എം. പീഡന വീരനായ ആർ.എസ്.എസ് നേതാവിനെ രക്ഷപ്പെടുത്താനാണ് സംസ്ഥാന സർക്കാരും പൊലീസും ശ്രമിക്കുന്നത്. സ്വർണ്ണക്കടത്ത്കേസ് കൃത്യമായി അന്വേഷിച്ചാൽ പിണറായിയും വി മുരളീധരനും കുടുങ്ങും. ഇതോടെ അന്വേഷണം ഏതാണ്ട് നിലച്ചമട്ടായെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി, യൂത്ത് കോൺഗ്രസ് നേതാക്കളായ റിജിൽ മാക്കുറ്റി, സുധീപ് ജയിംസ്, അബ്ദുൾ റഷീദ് തുടങ്ങിയവർ സംസാരിച്ചു.