ലഹരിക്ക് സിപിഎം കൂട്ട്; വ്യാജമദ്യം പിടിച്ച എക്സൈസുകാരെ തടഞ്ഞുവെച്ച് സിപിഎം സംഘം; വില്‍പ്പനക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമമെന്ന് ആക്ഷേപം

പത്തനംതിട്ട: റെയ്ഡ് നടത്തിയ എക്സൈസുകാരെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സിപിഎം സംഘം തടഞ്ഞുവെച്ചു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണ് വ്യാജമദ്യവില്‍പ്പന നടത്തിയ ആളെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്.

സീതത്തോട് ഗുരുനാഥൻ മണ്ണിലാണ് സംഭവം. 1000 ലിറ്റർ കോട പിടി കൂടിയ എക്സൈസ് സംഘത്തെയാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ തടഞ്ഞുവെച്ചത്. ലഹരി വിരുദ്ധ ക്യാമ്പെയ്നുകൾ സർക്കാരും സിപിഎമ്മും നാടാകെ നടത്തുമ്പോഴാണ് സിപിഎം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ വ്യാജമദ്യവില്‍പ്പന കേന്ദ്രത്തിൽ റെയ്ഡ് നടത്തി കസ്റ്റഡിയിൽ എടുത്ത പ്രതിയെ കൊണ്ടുപോകുന്നത് തടഞ്ഞത്.

വ്യാജമദ്യം പിടികൂടിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഗുരുനാഥൻമണ്ണ് സ്വദേശി ഗോപിയെയാണ് പിടികൂടിയത്. എക്സൈസ് സംഘത്തിന് നേരെ കഴിഞ്ഞ ആഴ്ച ഇവിടെ വെച്ച് ആക്രമണമുണ്ടായിരുന്നു. സംഭവം വിവാദമായതോടെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദേശത്തെ ചില സ്ഥലങ്ങളിൽ നിന്ന് വ്യാജചാരായം ശേഖരിച്ചതിനുശേഷം, പിടിച്ചെടുത്ത് നശിപ്പിച്ചതായി വരുത്തി മുഖം രക്ഷിക്കുവാനുള്ള ശ്രമവും നടന്നു. സിപിഎമ്മിന്‍റെ തണലിലാണ് ഈ മേഖലകളിൽ വ്യാജമദ്യനിർമ്മാണം നടക്കുന്നത് എന്ന് കോൺഗ്രസ് ആരോപിക്കുന്നു.

Comments (0)
Add Comment