കമന്‍റുകള്‍ ഒളിപ്പിച്ച് ഓടേണ്ടതെപ്പോള്‍ ? നേതാക്കള്‍ക്കെതിരായ ‘പൊങ്കാല’ എങ്ങനെ പ്രതിരോധിക്കാം ? കൈപ്പുസ്തകവുമായി സി.പി.എം

തിരുവനന്തപുരം : നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നുള്‍പ്പടെ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സിപിഎമ്മിന്‍റെ കൈപ്പുസ്തകം.  ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ എങ്ങനെ തുടങ്ങാം, അക്കൗണ്ട് ഹാക്ക് ചെയ്താല്‍ എന്തു ചെയ്യണം എന്നു തുടങ്ങി എതിരാളികളുടെ  കമന്‍റുകളെ എങ്ങനെ നേരിടണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കൈപ്പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

പാര്‍ട്ടി നേതാക്കളുടെ പേജില്‍ ലൈക്ക്, കമന്‍റ്, ഷെയര്‍ എന്നിവ ചെയ്തുവെന്ന് ഉറപ്പുവരുത്തണമെന്നും  കൂടുതല്‍ പേരുടെ സഹായം വേണ്ടിവന്നാല്‍ മറ്റ് ഗ്രൂപ്പുകളുടെ സഹായം തേടാമെന്നും  പുസ്തകത്തില്‍ പറയുന്നു. എതിരാളികളുടെ കമന്‍റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും പ്രശ്‌നമാകുകയും ചെയ്താല്‍ നീക്കം ചെയ്യുകയോ ഹൈഡ് ചെയ്യുകയോ ചെയ്യണമെന്നും പുസ്തകത്തില്‍ നിർദ്ദേശിക്കുന്നു.

നേതാക്കളുടെ പോസ്റ്റില്‍ എതിരാളികളിടുന്ന കമന്‍റുകള്‍ക്ക് മറുപടി നല്‍കരുതെന്നും പൂർണമായി അവഗണിക്കണമെന്നും നിർദ്ദേശമുണ്ട്. ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ പങ്കെടുക്കരുത് എന്നതാണ് മറ്റൊരു  പ്രധാന നിര്‍ദേശം. ഇത്തരം നീക്കങ്ങള്‍ നടത്തുന്നവരുടെ അജണ്ടയില്‍ വീഴരുതെന്നും സി.പി.എം നിര്‍ദേശിക്കുന്നു.

Comments (0)
Add Comment