ഇ.പിക്കെതിരായ സാമ്പത്തിക ആരോപണം ചർച്ച ചെയ്യാന്‍ സിപിഎം; സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച

 

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണം സിപിഎം ചർച്ച ചെയ്യും. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ആരോപണം ചർച്ച ചെയ്യാനാണ് തീരുമാനം. അംഗങ്ങളോട് തലസ്ഥാനത്തെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉന്നയിച്ച ആരോപണം ഗൗരവമുള്ള വിഷയമായി കണക്കിലെടുത്താണ് പരിഗണിക്കുന്നത്. പി ജയരാജന്‍ രേഖാമൂലം പരാതി നിൽകിയില്ലെങ്കിലും പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെക്കണോ എന്ന കാര്യത്തിലും ചർച്ച നടക്കും.

സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനത്തെപ്പറ്റി ആരോപണം ഉയർത്തിയത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിൻെറ പേരിലാണ് സാമ്പത്തിക ആരോപണം. ഇ.പി ജയരാജന്‍റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിൻെറ നടത്തിപ്പുകാർ. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർ‍ഡിൽ മാറ്റം വരുത്തിയെന്നും പി ജയരാജന്‍ ആരോപിച്ചു.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടന്ന സംസ്ഥാന സമിതിയിലെ ചര്‍ച്ചയ്ക്കിടെയാണ് ഇ.പിക്കെതിരെ പി ജയരാജന്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. ആരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ.പി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോര്‍ട്ടും ആയുര്‍വേദ വില്ലേജും നിര്‍മ്മിച്ചത്. ആധികാരികമായും ഉത്തമബോധ്യത്തോടെയുമാണ് താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ജയരാജാന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഇതോടെ പരാതി എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നിലപാട്.

Comments (0)
Add Comment