‘ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ പണി കാണില്ല’; കുട്ടനാട്ടിലെ ചുമട്ടു തൊഴിലാളികള്‍ക്ക് സിപിഎം ഭീഷണി

 

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുത്തില്ലെങ്കില്‍ ജോലി കാണില്ലെന്ന് ഭീഷണി. കുട്ടനാട്ടിലെ ചുമട്ടുതൊഴിലാളികളെയാണ് പ്രതിരോധ ജാഥയുടെ പേരില്‍ ഭീഷണിപ്പെടുത്തിയത്.  അതേസമയം ഭീഷണി നേരിടുന്ന തൊഴിലാഴികളില്‍ പകുതിയും ഒരു പാർട്ടിയിലും അംഗങ്ങളല്ലാത്തവരാണെന്നതാണ് ശ്രദ്ധേയം. ജാഥയ്ക്ക് ആളില്ലാത്തതിനാല്‍ ഭീഷണിപ്പെടുത്തി ആളെ കൂട്ടാനുള്ള ശ്രമത്തിലാണ് സിപിഎം.

കുട്ടനാട്ടിലെ കായൽ മേഖലയിൽ ജോലി ചെയ്യുന്ന ചുമട്ടു തൊഴിലാളികൾക്കാണ് ഭീഷണി. ചുമട്ടുകാരായ 172 തൊഴിലാളികളോടും ജാഥയ്ക്കെത്താൻ നിർദേശം നല്‍കി. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗങ്ങളല്ലാത്തവരാണ് ഇവരില്‍ കൂടുതലും. അസൗകര്യം പറഞ്ഞ തൊഴിലാളിയോട് ജോലിയുണ്ടാവില്ലെന്നായിരുന്നു കൈനകരി നോർത്ത് ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. ജാഥയ്ക്കെത്തിയവർ ഹാജർ രേഖപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കുട്ടനാട്ടിലെത്തുന്നത്.

ജാഥയ്ക്ക് ജനപങ്കാളിത്തം കുറവായതിനാല്‍ മിക്കയിടങ്ങളിലും സിപിഎം ഭീഷണി തന്ത്രമാണ് പയറ്റുന്നത്. ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ ആരംഭിച്ച പ്രതിരോധ യാത്ര ജനങ്ങള്‍ക്ക് തലവേദനയാകുന്ന അവസ്ഥയാണ് ഇപ്പോള്‍. ഭീഷണിപ്പെടുത്തുന്ന നിരവധി സംഭവങ്ങളാണ് യാത്ര കടന്നുവരുന്ന ഇടങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ഇതോടെ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് തടിയൂരാനും കഴിയാത്ത അവസ്ഥയിലാണ് സിപിഎം.

Comments (0)
Add Comment