ഇത് സിപിഎമ്മിന്‍റെ അധഃപതനത്തിന്‍റെ തെളിവ്, രമ്യ ഹരിദാസിനെ നിശബ്ദയാക്കാമെന്ന് കരുതേണ്ട : കെ.സുധാകരന്‍ എം.പി

Jaihind Webdesk
Sunday, June 13, 2021

കൊച്ചി : രമ്യ ഹരിദാസ് എം.പിക്കെതിരായ സിപിഎം വധഭീഷണി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധഃപതനമാണ് തെളിയിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. സിപിഎമ്മില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. രമ്യ ഹരിദാസിനെ ഭയപ്പെടുത്തി നിശബ്ദയാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സിപിഎം നേതാക്കൾ വധഭീഷണിമുഴക്കിയെന്ന രമ്യ ഹരിദാസ് എം.പിയുടെ പരാതിയില്‍ പെ‍ാലീസ് കേസെടുത്തു. ആലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എ. നാസർ, പഞ്ചായത്ത് അംഗം നജീബ്, കണ്ടാലറിയാവുന്ന മറ്റ് ഏഴുപേർക്കെതിരെയുമാണ് കേസ് റജിസ്റ്റർ ചെയ്തത്.

ടൗണിൽ ഹരിതകർമസേന അംഗങ്ങളെ കണ്ടു തിരിച്ചുപേ‍ാകാൻ നിൽക്കുമ്പേ‍ാൾ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസറിന്റ നേതൃത്വത്തിൽ എട്ടേ‍ാളം പേർ ആലത്തൂർ പെ‍ാലീസ് സ്റ്റേഷനുസമീപം തന്നെ തടഞ്ഞുനിർത്തി സ്ത്രീതത്വത്തെ അപമാനിക്കുന്നവിധം സംസാരിക്കുകയും വധഭീഷണിമുഴക്കുകയും ചെയ്തെന്നാണ് എംപിയുടെ പരാതി.

തന്റെ സഞ്ചാരസ്വാതന്ത്ര്യവും പെ‍ാതുപ്രവർത്തനവും തടസപ്പെടുത്തി ജനമധ്യത്തിൽ അവഹേളിച്ചവർക്കെതിരെ നടപടിയെടുക്കുന്നതിനെ‍ാപ്പം പ്രവർത്തനം നടത്താൻ സംരക്ഷണം നൽകാനും എംപി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആലത്തൂര്‍ കയറിയാൽ കാലു വെട്ടും എന്നാണ് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർ ഭീഷണി മുഴക്കിയതെന്ന് രമ്യ ഹരിദാസ് പറഞ്ഞു.